താനൂർ ബോട്ടപകടം; ജസ്റ്റിസ് മോഹനൻ കമ്മീഷൻ തെളിവെടുപ്പ് നടത്തി
1600981
Sunday, October 19, 2025 6:48 AM IST
പാലക്കാട്: താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ജസ്റ്റിസ് വി.കെ. മോഹനൻ ജുഡീഷ്യൽ കമീഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാംഘട്ട പൊതുതെളിവെടുപ്പും ഹിയറിംഗും ജില്ലയിൽ നടന്നു. ജസ്റ്റിസ് വി.കെ. മോഹനൻ അധ്യക്ഷനായി. വിനോദസഞ്ചാരം, ഉൾനാടൻ ജലഗതാഗതം, മത്സ്യബന്ധനം തുടങ്ങിയ വിഷയങ്ങളിലാണ് തെളിവെടുപ്പ് നടന്നത്.
ജലഗതാഗത മേഖലയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ പരിഹാരമാർഗങ്ങൾ ശുപാർശ ചെയ്യുക, നിലവിലുള്ള ലൈസൻസിംഗ് എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ പര്യാപ്തമാണോയെന്ന് പരിശോധിക്കുക, മുൻകാലങ്ങളിലുണ്ടായ ബോട്ടപകടങ്ങളെ തുടർന്ന് നിയോഗിച്ച അന്വേഷണ കമ്മീഷനുകൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ വകുപ്പുകൾ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തെളിവെടുപ്പ് നടക്കുന്നത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിച്ചു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന തെളിവെടുപ്പിൽ കമ്മീഷൻ അംഗവും കുസാറ്റ് ഷിപ്പ് ബിൽഡിംഗ് ടെക്നോളജി വിഭാഗം റിട്ട. പ്രഫസറുമായ ഡോ. കെ.പി. നാരായണൻ ആമുഖപ്രഭാഷണം നടത്തി. കമ്മീഷൻ മെംബർ സെക്രട്ടറി റിട്ട. ജില്ലാ ജഡ്ജി ടി.കെ. രമേഷ് കുമാർ, കോർട്ട് ഓഫീസർ റിട്ട. മജിസ്ട്രേറ്റ് ജി. ചന്ദ്രശേഖരൻ, കമ്മീഷൻ അഭിഭാഷകൻ അഡ്വ.ടി.പി. രമേശ് എന്നിവർ പങ്കെടുത്തു.