നോർക്ക പദ്ധതിയിൽ പങ്കാളിയായി ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കും
1600983
Sunday, October 19, 2025 6:48 AM IST
ഒറ്റപ്പാലം: പ്രവാസികൾക്കായുള്ള നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേണ്ഡ് എമിഗ്രന്റ്സ് (എൻഡിപിആർഇഎം) പുനരധിവാസപദ്ധതിയിൽ പങ്കാളിയായി ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്.
തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സിനു വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരിയും ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിനുവേണ്ടി മാനേജിംഗ് ഡയറക്ടർ ഡോ.എം. രാമനുണ്ണിയും തമ്മിൽ കരാർ കൈമാറി. ചടങ്ങിൽ നോർക്ക റൂട്ട്സ് ജനറൽ മാനേജർ ടി. രശ്മി, നോർക്ക റൂട്ട്സ് പ്രതിനിധികൾ എന്നിവരും സംബന്ധിച്ചു. മൂന്നു വർഷത്തേയ്ക്കാണ് കരാർ. ഇതിന്റെ ഭാഗമായി എൻഡിപിആർഇഎം പദ്ധതിയിലെ സേവനങ്ങൾ ഇനി ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ഒൻപതു ശാഖകളിൽ നിന്നും പ്രവാസിസംരംഭകർക്ക് ലഭ്യമാകും.
തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സംരംഭക വായ്പാ പദ്ധതിയാണ് എൻഡിപിആർഇഎം. ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഉൾപ്പെടെ സംസ്ഥാനത്തെ 17 ബാങ്കിംഗ്, ധനകാര്യസ്ഥാപനങ്ങൾ വഴിയാണ് പദ്ധതി നടപ്പിലാക്കിവരുന്നത്.
രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസി കൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുളളവയുടെ വിപുലീകരണത്തിനും പദ്ധതി പ്രയോജനപ്പെടുത്താം. സംരംഭങ്ങൾക്ക് 30 ലക്ഷം രൂപവരെയുളള വായ്പകൾ പദ്ധതിവഴി ലഭിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും മുന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റു വഴി അപേക്ഷ നൽകാം.