ദീപാവലി അവധി: ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും വൻതിരക്ക്
1600972
Sunday, October 19, 2025 6:48 AM IST
കോയന്പത്തൂർ: ദീപാവലി അവധി പ്രമാണിച്ച് ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും വൻ തിരക്ക്. സിസി ടിവി കാമറകളും ഡ്രോണുകളും ഉപയോഗിച്ച് പോലീസ് നിരീക്ഷണം ശക്തമാക്കി. ദീപാവലിക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കോയമ്പത്തൂരിൽ ജോലി ചെയ്യുന്ന ആളുകൾ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ബസ് സ്റ്റാൻഡിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും ഒഴുകിയെത്തുകയാണ്.
കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ തിരക്ക് കൂടിയതിനാൽ റെയിൽവേ പോലീസ് കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും സുരക്ഷാ നടപടികൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലുടനീളം നിരീക്ഷണ കാമറകൾ വഴി ആളുകളുടെയും യാത്രക്കാരുടെയും നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
യാത്രക്കാർ അവരുടെ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അജ്ഞാതർക്ക് സാധനങ്ങൾ കൈമാറരുതെന്നും റെയിൽവേ പോലീസ് നിർദേശം നൽകി.