മനുഷ്യക്കടത്തിനെതിരെ വിദ്യാർഥികൾ അണിനിരക്കണം: അഡ്വ.പി. പ്രേംനാഥ്
1461236
Tuesday, October 15, 2024 6:04 AM IST
പാലക്കാട്: മനുഷ്യക്കടത്തിനും അതുമൂലമുള്ള ചൂഷണങ്ങൾക്കും ഏറ്റവും കൂടുതൽ ഇരകളാവുന്നത് യുവജനങ്ങൾ ആണെന്നും നമ്മുടെ സമൂഹത്തിൽ നിന്നും മനുഷ്യക്കടത്ത് ഉന്മൂലനം ചെയ്യാൻ വിദ്യാർഥികൾ അണിനിരക്കണമെന്നും വിശ്വാസ് സെക്രട്ടറി ജനറൽ അഡ്വ. പി. പ്രേംനാഥ് ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസമിതിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്താറുള്ള മനുഷ്യ കടത്തിനെതിരെ യുള്ള രാജ്യാന്തര ദിനാചാരണം വിശ്വാസിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് കിണാശേരി വാസവി വിദ്യാലയ സീനിയർ സെക്കൻഡറിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓൺലൈൻ മൂലമുള്ള ചൂഷണങ്ങൾ ഇപ്പോൾ വർധിച്ചിരിക്കുകയാണെന്നും സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായി പോരാടണമെന്നും പ്രേംനാഥ് അഭിപ്രായപ്പെട്ടു. വാസവി വിദ്യാലയ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ദീപ ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിശ്വാസ് സെക്രട്ടറി കെ. ദേവദാസ്, കെ.വി. അനന്തകൃഷ്ണൻ, അഖിൽ. പി. സുബിൻ, ആർ. മഹാദേവ് മേനോൻ, പി.ആർ. രാംശങ്കർ എന്നിവർ പ്രസംഗിച്ചു.