അട്ടപ്പാടിയിൽ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഇറച്ചിക്കട അടപ്പിച്ചു
1460241
Thursday, October 10, 2024 7:45 AM IST
അഗളി: കല്‍ക്കണ്ടിയില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഇറച്ചിക്കട ആരോഗ്യ വകുപ്പ് അധികൃതര്‍ അടപ്പിച്ചു. അഗളി സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് കട അടച്ചുപൂട്ടിയത്.
ഗ്രാമപഞ്ചായത്ത് ലൈസന്‍സ്, ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് എന്നിവയും ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനവും ഇല്ലാതെയാണ് കട പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ മാസം ഈ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മുന്നറിയിപ്പ് നോട്ടീസും നല്കി.
യാതൊരുവിധ ശുചിത്വ മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്ന് നോട്ടീസ് കാലാവധിക്ക് ശേഷം നടത്തിയ പരിശോധനയിലും കണ്ടതിനെ തുടര്‍ന്നാണ് കട അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. മുരളി കൃഷ്ണന്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. ശെല്വകുമാര്, കെ.ബി. സബാജ്, എം. രഞ്ജിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.