പരിസ്ഥിതിലോലവിഷയത്തിൽ കേരളത്തിനു പ്രത്യേക പരിഗണന നല്കണം: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
1459354
Sunday, October 6, 2024 7:21 AM IST
പാലക്കാട്: പരിസ്ഥിതിലോലവിഷയത്തിൽ കേരളത്തിന് പ്രത്യേക പരിഗണന നല്കണമെന്ന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ കേന്ദ്രസഹമന്ത്രി ജോർജ് കുര്യനോട് ആവശ്യപ്പെട്ടു. ബിഷപ് ഹൗസിൽ എത്തിയ കേന്ദ്ര സഹമന്ത്രിക്ക് പാലക്കാട്ടെ 14 വില്ലേജുകളിലെയും ജനങ്ങൾക്കുവേണ്ടി ബിഷപ് നിവേദനം സമർപ്പിച്ചു.
ഇഎസ്എ വിഷയത്തിൽ അന്തിമനടപടികൾക്ക് ഹൈക്കോടതി ഈ മാസം 29 വരെ സ്റ്റേ നല്കിയിട്ടുണ്ട്. സംസ്ഥാനത്തെ 131 വില്ലേജുകളെ ബാധിക്കുന്ന പരിസ്ഥിതി ലോല വിഷയത്തിൽ സർക്കാരുകൾ കർഷക പക്ഷത്തുനിന്ന് ചിന്തിക്കണം. ഇഎസ്എ അല്ലാത്ത വില്ലേജുകൾ പോലും ഇഎസ്എ മാപ്പിൽ ഉൾപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ ഉത്തരവാദിത്വപ്പെട്ടവരുടെ മെല്ലപ്പോക്ക് നല്ലതല്ല എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ സാഹചര്യമല്ല കേരളത്തിന്റേത് എന്നും ഇവിടുത്തെ കൃഷിഭൂമിയുടെ കുറവും ജനസാന്ദ്രതയും, ഭൂമിശാസ്ത്രപരമായ പ്രത്യേകതയും പരിസ്ഥിതി നിയമങ്ങൾ നടപ്പിലാക്കുന്പോൾ ശ്രദ്ധിക്കണം എന്ന് ബിഷപ് അഭിപ്രായപ്പെട്ടു. വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ പ്രത്യേകിച്ച് മലയോര മേഖലയിലെ ഏതാനും പ്രദേശങ്ങൾക്കൂടി ഇഎസ്എ യുടെ ഭാഗമാക്കാൻ പരിശ്രമിക്കുന്നത് നല്ലതല്ല.
ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും നിയന്ത്രണം ആവശ്യമെങ്കിൽ പ്രാദേശികമായി നടപ്പാക്കേണ്ടത് ദേശീയമായി നടപ്പാക്കുന്ന ഒരു നിയമത്തിന്റെ കീഴിലാക്കുന്നത് വരും കാലത്ത് വലിയ വിപത്തായിരിക്കും എന്ന് ബിഷപ് ചൂണ്ടിക്കാട്ടി.