കോയന്പത്തൂർ കോർപറേഷനിൽ കൂടുതൽ വാർഡുകളും മുനിസിപ്പാലിറ്റികളും ലയിപ്പിക്കും
1458041
Tuesday, October 1, 2024 7:02 AM IST
കോയമ്പത്തൂർ: ഗ്രാമപഞ്ചായത്തുകളും കൗൺസിലുകളും കോയമ്പത്തൂർ കോർപറേഷനിൽ ലയിപ്പിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ചെന്നൈ കഴിഞ്ഞാൽ തമിഴ്നാട്ടിൽ ഏറ്റവും വലിയ വരുമാനമുണ്ടാക്കുന്ന കോർപറേഷനാണ് കോയമ്പത്തൂർ. ജില്ലയുടെ ആകെ വിസ്തീർണം 4,723 ചതുരശ്ര കിലോമീറ്ററാണ്.
ഇതിൽ നഗരപ്രദേശം മാത്രം 1,519 ചതുരശ്ര കിലോമീറ്ററുണ്ട്. 13 മുനിസിപ്പാലിറ്റികളും 196 ഗ്രാമപഞ്ചായത്തുകളും തമിഴ്നാട്ടിലെ വിവിധ മുനിസിപ്പാലിറ്റികളുമായി ലയിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. 2 മുനിസിപ്പാലിറ്റികളും 46 പഞ്ചായത്തുകളും പുതുതായി സൃഷ്ടിച്ച 4 മുനിസിപ്പാലിറ്റികളുമായി ലയിപ്പിക്കും. കോയമ്പത്തൂരിൽ 4 മുനിസിപ്പാലിറ്റികളും 11 ഗ്രാമപഞ്ചായത്തുകളും കോർപ്പറേഷനിൽ ലയിപ്പിക്കും.
ഗ്രാമപഞ്ചായത്തുകളുടെ കാലാവധി കഴിഞ്ഞാൽ ഗ്രാമപഞ്ചായത്തുകൾ ലയിപ്പിക്കാനാണ് തീരുമാനം. മധുകരൈ മുനിസിപ്പാലിറ്റി, പേരൂർ, പള്ളപ്പാളയം, വെള്ളാളൂർ, കുരുടംപാളയം, സോമയംപാളയം, പേരൂർ ചെട്ടിപ്പാളയം, കീരനാഥം, നീലമ്പൂർ, മയിലമ്പട്ടി, പട്ടണം, വെള്ളനായിപ്പട്ടി, ലാലിപാളയം, ചിന്നിയാംപാളയം, സീർപാളയം, എന്നീ മുനിസിപ്പാലിറ്റികൾ കോയമ്പത്തൂർ കോർപറേഷനുമായി ലയിപ്പിക്കുന്നു. ഈ ലയനത്തിലൂടെ 100 വാർഡുകളുള്ള കോർപറേഷൻ 150 മുതൽ 200 വരെ വാർഡുകളുള്ള കോർപറേഷനായി മാറും.