ദേശീയപാത നിർമാണക്കമ്പനി കനാൽ നികത്തി; നാട്ടുകാർ തടഞ്ഞു
1454781
Saturday, September 21, 2024 2:03 AM IST
ചാവക്കാട്: കനോലി കനാൽ നികത്തി പാലം നിർമിക്കാനുള്ള ദേശീയപാത കമ്പനിയുടെ ശ്രമം നാട്ടുകാരും പഞ്ചായത്തും ചേർന്ന് തടഞ്ഞു.
കടപ്പുറം പഞ്ചായത്ത് മൂന്നാംവാർഡിൽ വൈലി ക്ഷേത്രത്തിനു സമീപത്തായി കനോലി കനാലാണു ദേശീയപാത 66 ന്റെ പാലം നിർമാണത്തിനായി വളച്ചുകെട്ടി നികത്തി വളരെ വീതികുറഞ്ഞ കാനപോലെയാക്കിയത്. ആരും അറിയാതെ രാത്രിയിലായിരുന്നു കൈയേറ്റം. ഇതോടെ വെള്ളത്തിന്റെ ഒഴുക്കുകുറഞ്ഞ് നീരൊഴുക്കായി. സംഭവമറിഞ്ഞ് കടപ്പുറം പഞ്ചായത്തും നാട്ടുകാരും പ്രതിഷേധമായി എത്തി.
ദേശീയപാതയിലെ പാലത്തിനുവേണ്ടി ഒരു സ്പാൻകൂടി നിർമിക്കാനുണ്ടെന്നും കനാൽ മൂടാൻ അനുമതിയുണ്ടെന്നും ഹൈ വേ അധികൃതർ പറയുന്നു. നിർമാണം കഴിഞ്ഞാൽ പുന:സ്ഥാപിക്കുമെന്ന് ഉറപ്പില്ലെന്നു നാട്ടുകാർ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, മെമ്പർമാരായ വി.പി. മൻസൂർ അലി, ഷീജ രാധാകൃഷണൻ, സെക്രട്ടറി, വില്ലേജ് ഓഫിസർ, പൊതുപ്രവർത്തകരായ കെ.ജി. രാധാകൃഷ്ണൻ, ഗണേശൻ ശിവാജി തുടങ്ങിയവരും സ്ഥലത്തെത്തി.
മുന്നറിയിപ്പ് ഇല്ലാതെ കനോലി കനാൽ മണ്ണിട്ട് നികത്തുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രിക്കും ജില്ലാ കളക്ടർക്കും എൻ.കെ. അക്ബർ എംഎൽഎ കത്തുനല്കി.
ഇക്കഴിഞ്ഞ മൺസൂൺ സമയത്ത് ഇപ്രകാരം കനാലിൽ മണ്ണിട്ട് നികത്തിയതിനാൽ പുഴനിറഞ്ഞ് വീടുകളിലേക്ക് വെള്ളംകയറുകയും എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളുടെയും ഇറിഗേഷൻ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ മണ്ണുനീക്കി വെള്ളം ഒഴുക്കി വിടുകയുമായിരുന്നു.