വടക്കഞ്ചേരി മേൽപ്പാലത്തിലുണ്ടായ വാഹനാപകടം: യുവാവ് മരിച്ചു
1454741
Friday, September 20, 2024 11:20 PM IST
വടക്കഞ്ചേരി: ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിൽ ബൈക്കും മറ്റൊരു വാഹനവും ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാലക്കാട് ധോണി ഉമ്മിണി പഴമ്പുള്ളിവീട്ടിൽ ബാലകൃഷ്ണന്റെ മകൻ അനിൽകുമാറാണ്(24) മരിച്ചത്. മാതൃഭൂമി പാലക്കാട് യൂണിറ്റിലെ ജീവനക്കാരനാണ്.
അനിൽകുമാർ സഞ്ചരിച്ച ബൈക്ക് അതേ ദിശയിൽ സഞ്ചരിച്ച വാഹനവുമായി ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. തൃശൂരിലുള്ള സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനിൽകുമാർ. മറ്റു വാഹനയാത്രക്കാർ വിവരമറിയച്ചതിനെ തുടർന്ന് പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി.
ദേശീയപാത ടോൾ കേന്ദ്രത്തിലെ ആംബുലൻസിൽ ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടക്കഞ്ചേരി പോലീസ് കേസെടുത്തു. ഇടിച്ച വാഹനം കണ്ടെത്തുന്നതിനായി പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
അമ്മ: തങ്കമണി. സഹോദരൻ: അരുൺകുമാർ. തൃശൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം നടത്തി.