അർഹരായവർക്കു പട്ടയംകൊടുക്കാൻ സർക്കാർ ചട്ടം ഭേദഗതിചെയ്യും: മന്ത്രി കെ. രാജൻ
1454506
Friday, September 20, 2024 1:55 AM IST
മണ്ണാർക്കാട്: ഒക്ടോബർ മുതൽ തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലുള്ള തനതുഭൂമി റവന്യൂ വകുപ്പിലേക്ക് പുനർനിക്ഷിപ്തമാക്കി അർഹരായവർക്കു പട്ടയം കൊടുക്കാൻ സർക്കാർ ചട്ടഭേദഗതി കൊണ്ടുവരികയാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. മണ്ണാർക്കാട്, അട്ടപ്പാടി താലൂക്ക്തല പട്ടയമേള മണ്ണാർക്കാട് എംഇഎസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സർക്കാർ വിലകൊടുത്തു വാങ്ങി പഞ്ചായത്തിന് നൽകിയ ഭൂമി, പഞ്ചായത്ത് വില കൊടുത്ത് വാങ്ങിയ ഭൂമി, വിവിധ ഹൗസിംഗ് പ്രോജക്ടുകൾക്കായി പഞ്ചായത്തുകളുടെ കൈവശം വന്ന ഭൂമി തുടങ്ങിയവ അർഹർക്ക് നൽകാൻ വില്ലേജിൽ ആരംഭിച്ച് ജില്ല കളക്ടർ, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർ വഴി വീണ്ടും പരിശോധിച്ച് തനത് ഭൂമിയിൽ അതിവേഗ പ്രശ്നപരിഹാരം സാധ്യമാകും വിധമുളള നിയമഭേദഗതി നടത്താനാണ് തദ്ദേശവകുപ്പിന്റെ തീരുമാനം.
94ലെ ആക്ട് പ്രകാരം സർക്കാരിൽ നിക്ഷിപ്തമായ കളിസ്ഥലം, മേച്ചിൽപുറം, ശ്മശാനം എന്നി തദ്ദേശസ്ഥാപനങ്ങൾക്ക്് സംരക്ഷണാവകാശമുളള ഭൂമിയുടെ കാര്യത്തിൽ കാലതാമസമില്ലാതെ തീരുമാനമെടുക്കാൻ റവന്യൂവകുപ്പിന്റെ ജില്ലാ മേധാവിയായ ജില്ല കളക്ടറെ ചുമതലപ്പെടുത്തും.
മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളിൽ 1439 പട്ടയങ്ങളാണ് വിതരണം ചെയ്തതെന്ന് മന്ത്രി പറഞ്ഞു. മൂന്ന് വർഷം പിന്നിടുന്പോൾ 41879 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്യുന്നത്. കെ. ശാന്തകുമാരി എംഎൽഎ അധ്യക്ഷയായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, ഷൗക്കത്തലി, ജ്യോതി അനിൽകുമാർ, ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര, സബ് കളക്ടർ മിഥുൻ പ്രേംരാജ് പങ്കെടുത്തു.