കൃഷ്ണനും കോമളാമ്മയ്ക്കും അന്തിയുറങ്ങാൻ സ്വപ്നഭവനമൊരുങ്ങി
1453937
Wednesday, September 18, 2024 1:27 AM IST
ചിറ്റൂർ: നല്ലേപ്പിള്ളി പഞ്ചായത്ത് നവക്കോണത്തുള്ള വയോധിക ദമ്പതികളായ കൃഷ്ണനും, കോമളാമ്മയ്ക്കും അന്തിയുറങ്ങാൻ സ്വപ്നഭവനമൊരുങ്ങി. മഴക്കാലമായാൽ പൊട്ടിപ്പൊളിഞ്ഞു ചോർന്നൊലിക്കുന്ന വീട്ടിൽ ഏറെ ഭയപ്പാടോടെ കഴിഞ്ഞുവന്ന ഇവർക്ക് യുവജനതാദൾ (എസ്) പ്രവർത്തകർ പുതിയ വീട് നിർമിച്ച് നൽകിയതോടെയാണ് ഇവരുടെ ദുരിതജീവിതത്തിന് പരിഹാരമായത്. കഴിഞ്ഞ കോവിഡ് കാലത്ത് നവക്കോണം പ്രദേശത്ത് യുവജനതാദളിന്റെ നേതൃത്വത്തിൽ നടന്ന കിറ്റ് വിതരണത്തിന് എത്തിയ മന്ത്രി കെ. കൃഷ്ണൻകുട്ടിയെ നേരിൽകണ്ട് തങ്ങളുടെ ദുരിതപൂർണമായ ജീവിതസാഹചര്യം ശ്രദ്ധയിൽപെടുത്തിയിരുന്നു.
തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം യുവജനതാദൾ നടത്തിയ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഫലമായി വയോധികരായ ദമ്പതികൾക്ക് സുരക്ഷിത വീട് യാഥാർഥ്യമാകുകയായിരുന്നു. വീടിന്റെ താക്കോൽദാനം ഇന്നലെ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ വാർഡു മെംബറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ. സതീഷ് അധ്യക്ഷനായി. വി. മുരുകദാസ്, ടി. മഹേഷ്, എ. രാമചന്ദ്രൻ, എസ്. വിനോദ് ബാബു, വി. ഹക്കിം, മിനിമുരളി, കെ. തങ്കവേലു, പി. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.