റോഡുകൾ തകർന്നു ...ബദൽമാർഗം തേടി ബസുകൾ; നടപടിയുമായി പോലീസ്
1453483
Sunday, September 15, 2024 4:57 AM IST
ഷൊർണൂർ: വൺവേ തെറ്റിച്ച ബസുകൾക്കു പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം. പത്ത് ബസുകൾക്കാണ് കഴിഞ്ഞ ദിവസം വൺവേ തെറ്റിച്ചതിന് പോലീസ് പിഴ ചുമത്തിയത്. എന്നാൽ തകർന്നുകിടക്കുന്ന പാതയിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് ബസുകാരുടെ പരാതി.
വൺവേ തെറ്റിച്ചുപോകുന്ന സ്വകാര്യബസുകൾക്ക് പിഴ ഈടാക്കൽ തുടരുമെന്നാണ് പോലീസ് പറയുന്നത്. സ്വകാര്യ ബസുകൾ റെയിൽവേസ്റ്റേഷന് മുമ്പിലൂടെ ബസ് സ്റ്റാൻഡിലെത്തി നഗരസഭയ്ക്ക് മുന്നിലൂടെ തിരിച്ചുപോകണമെന്നാണ് വ്യവസ്ഥ. എന്നാൽ, റെയിൽവേസ്റ്റേഷന് മുന്നിലൂടെയാണ് ബസുകളുടെ വരവും പോക്കും. വീതിയില്ലാത്ത പാതയിലൂടെ ബസുകൾ കടന്നുപോകുമ്പോൾ ഗതാഗതതടസമുണ്ടാകുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയാരംഭിച്ചിരിക്കുന്നത്. റെയിൽവേസ്റ്റേഷൻ പരിസരത്തും തീയറ്റർ പരിസരത്തുമെല്ലാം എപ്പോഴും ഗതാഗതതടസമുണ്ടാകാറുണ്ട്.
എന്നാൽ, റോഡുകളുടെ തകർച്ചകാരണം സമയത്തെത്താൻ കഴിയാത്തതിനാലാണ് റെയിൽവേസ്റ്റേഷന് മുന്നിലൂടെ വൺവേ തെറ്റിച്ച് പോകുന്നതെന്നാണ് ബസ് ജീവനക്കാരുടെ വാദം. പൊതുവാൾ ജംഗ്ഷൻവഴി കൊച്ചിൻപാലംവരെയുള്ള പാതയിൽ കുഴികളുള്ളതിനാൽ ഇതുവഴി കടന്നുപോകാൻ കൂടുതൽ സമയമെടുക്കുന്നതാണ് ബസ് ജീവനക്കാരുടെ പ്രശ്നം. അനുവദിച്ചസമയത്ത് ഓടിയെത്താൻ കഴിയാത്തതിനാലാണ് റെയിൽവേ സ്റ്റേഷന് മുമ്പിലൂടെ പോകുന്നതെന്നും പറയുന്നു.
ഈ പ്രശ്നം ചൂണ്ടിക്കാട്ടി ബസ് ജീവനക്കാർ പോലീസിന് കത്ത് നൽകിയിട്ടുണ്ട്. ഓണം കഴിയുന്നതുവരെ തുടരാൻ അനുവദിക്കണമെന്നാണ് ബസുകാരുടെ ആവശ്യം. എന്നാൽ അത് അനുവദിക്കാനാവില്ലെന്നാണ് പോലീസ് പറയുന്നത്.