ആമക്കാട്-തേൻകുളം-പുല്ലുണ്ടശേരി റോഡ് തകർന്നു
1453133
Saturday, September 14, 2024 1:43 AM IST
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന ആമക്കാട്-തേൻകുളം- പുല്ലുണ്ടശേരി റോഡിന്റെ ശോചനീയാവസ്ഥ ജനങ്ങളെ ദുരിതത്തിലാക്കുന്നു. 2018 ലെ പ്രളയത്തിലാണ് ഈ റോഡ് പൂർണമായും തകർന്നത്. ആറോളം സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി ചെറുതും വലുതുമായ വാഹനങ്ങൾ ഇതുവഴി പോകുന്നുണ്ട്.
ഇരുചക്രവാഹനങ്ങൾ ഇടയ്ക്കിടെ കുഴികളിൽപെട്ട് അപകടത്തിൽപെടുന്നതും ജനങ്ങളെ ആശങ്കയിലാക്കുന്നു. ഏഴുവർഷമായി തകർന്നുകിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്കു പരാതി നൽകിയിരുന്നുവെങ്കിലും നാളിതുവരെ പരിഹരിക്കപ്പെട്ടില്ല.
പുല്ലുണ്ടശേരി സ്കൂളിലേക്കുള്ള പ്രധാന പാതയാണിത്. രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ഇതുവഴി ഏറെ ബുദ്ധിമുട്ടുന്നതായി നാട്ടുകാർ പറഞ്ഞു.