സഭയെ ആത്മീയമായി ശക്തിപ്പെടുത്തുന്നതിൽ പാലക്കാട് രൂപത മുന്നിൽ: മാർ റാഫേൽ തട്ടിൽ
1451623
Sunday, September 8, 2024 6:03 AM IST
സഭയെ ആത്മീയമായി ശക്തിപ്പെടുത്തുന്നതിൽ പാലക്കാട് രൂപത മുന്നിൽ: മാർ റാഫേൽ തട്ടിൽ
പാലക്കാട്: സഭയിലെ ബിഷപ്പുമാരിലെ നക്ഷത്രശോഭയാണ് മാർ ജോസഫ് ഇരിന്പനെന്ന് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ആത്മീയനവീകരണത്തിന്റെ പവർബാങ്കായിരുന്നു അദ്ദേഹം. ആത്മീയമായി കേരളസഭയെ ശക്തിപ്പെടുത്തുന്നതിൽ പാലക്കാട് രൂപത മുന്നിലാണ്. പ്രേഷിതപ്രവർത്തനങ്ങളിലേക്ക് കൂടുതൽ കാതം യാത്ര ചെയ്യാൻ പാലക്കാട് രൂപതയ്ക്ക് കഴിയുമെന്നും മാർ തട്ടിൽ പറഞ്ഞു.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ
കുടിയേറ്റജനതയ്ക്ക് വലിയരീതിയിലുള്ള പിന്തുണയാണ് കത്തോലിക്കാസഭ നൽകിയതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ഇല്ലായ്മയിൽനിന്ന് കൂടുതൽ ഇല്ലായ്മകളിലേക്കാണ് കർഷകർ കുടിയേറ്റം നടത്തിയത്. എങ്കിലും അവർ പൊന്നുവിളയിച്ചു. അവർക്കുവേണ്ട ഭൗതിക, ആധ്യാത്മിക, ബൗദ്ധിക പിന്തുണ നൽകാൻ സഭ എന്നും മുന്നിലുണ്ടായിരുന്നു.
അറുപതുകളിലും എഴുപതുകളിലും കോട്ടയം ജില്ലയിൽനിന്നും പാലക്കാട്ടേക്ക് കുടിയേറിയവരെ മന്ത്രി അനുസ്മരിച്ചു. സ്ത്രീശക്തീകരണവും സഭയുടെ മുൻഗണനയിൽപെട്ടതായിരുന്നു. വിദ്യാഭ്യാസ, ആതുരസേവന ശുശ്രൂഷാ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി. എന്നാൽ ഇപ്പോൾ വിദേശങ്ങളിലേക്കാണ് കുടിയേറ്റമെന്നതും മന്ത്രി ചൂണ്ടിക്കാട്ടി.
ഡോ. വർഗീസ് ചക്കാലയ്ക്കൽ
ക്രൈസ്തവർ അഞ്ചാമത്തെ സുവിശേഷമായി മാറണമെന്ന് കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞു. നമ്മുടെ ജീവിതമായിരിക്കണം ആ സുവിശേഷം. സമൂഹത്തിനു മാതൃകയായുള്ള ജീവിതമായിരിക്കണം അത്. കൂടുതൽ കൂട്ടായ്മകളിലേക്ക് തുറക്കപ്പെടുന്ന അനുഭവമാണ് ജൂബിലി ആഘോഷങ്ങളിൽ ഉണ്ടാകേണ്ടത്. മനസുകൾ ചക്രവാളംപോലെ വിശാലമാകണമെന്നും അദ്ദേഹം പറഞ്ഞു.
മാർ ജേക്കബ് മനത്തോടത്ത്
എല്ലാ ജൂബിലികളും ഒരു പെസഹാ ആചരണമാണെന്ന് ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് പറഞ്ഞു. കഴിഞ്ഞ കാലത്തേക്ക് കൃതജ്ഞതയോടെ തിരിഞ്ഞുനോക്കണം. മുൻഗാമികൾ ചെയ്ത സുകൃതങ്ങളുടെ ഫലമാണ് നമ്മുടെ ജീവിതം. സേവനനിരതമായ ജീവിതം നയിക്കാൻ അത് നമ്മെ പ്രചോദിപ്പിക്കണം. നേടിയതിനെ മുറുകെപ്പിടിച്ച് കൂടുതൽ നേടാൻ കഴിയണമെന്നും മാർ മനത്തോടത്ത് പറഞ്ഞു.
മന്ത്രി കെ. കൃഷ്ണൻകുട്ടി
കർഷകരുടെ പ്രശ്നങ്ങൾ കത്തോലിക്കാസഭ ഏറ്റെടുക്കണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കർഷകർക്ക് അർഹിക്കുന്നതു ലഭിക്കുന്നില്ല. മൂല്യവർധിത ഉത്പന്നങ്ങളുടെ വിഹിതം കർഷകർക്കും ലഭ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു.
മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
ചരിത്രം പരസ്പരം ബന്ധിതമായ ഒരുപാട് നന്മകളുടെ സമാഹാരമാണെന്ന് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു. ദൈവശുശ്രൂഷയ്ക്ക് മനുഷ്യമുഖം നൽകിയ ഇടയനായിരുന്നു മാർ ജോസഫ് ഇരിന്പൻ. പാലക്കാട് രൂപതയെ കളിമണ്ണിൽനിന്ന് മാർബിളിലേക്കും തുടർന്ന് സ്വർണത്തിലേക്കും വളർത്തിയെടുത്ത മുൻഗാമികളാണ് മാർ ജോസഫ് ഇരിന്പനും മാർ ജേക്കബ് മനത്തോടത്തുമെന്ന് മാർ കൊച്ചുപുരയ്ക്കൽ പറഞ്ഞു.