സ്പെഷൽ സ്കൂളുകളോടും ജീവനക്കാരോടും അവഗണനയെന്ന് ആക്ഷേപം
1451209
Saturday, September 7, 2024 12:18 AM IST
പാലക്കാട്: മാനസികവെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി അവരെ സാധാരണജീവിതത്തിലേക്ക് കൈപിടിച്ചുനടത്തുന്ന സ്പെഷൽ സ്കൂളുകളോടും അവിടത്തെ ജീവനക്കാരോടും കുട്ടികളോടും സർക്കാർ കാണിക്കുന്ന അവഗണനയ്ക്ക് എതിരേ രക്ഷിതാക്കളുടെ സംഘടനയായ പെയ്ഡ്, മാനേജ്മെന്റ് സംഘടനകളായ എഐഡി, എംഎഐഡി, എസ്ഒബി, ജീവനക്കാരുടെ സംഘടനയായ എസ്എസ്ഇയു, ആശ്വാസ് എന്നിവയുടെ സംയുക്തസമരസമിതിയുടെ ആഭിമുഖ്യത്തിൽ 11 ന് സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിനഉപവാസം നടത്തുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സൂചനാസമരത്തിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തപക്ഷം ഓണക്കാലത്തിനുശേഷം സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരം ഉൾപ്പെടെ സമരപരിപാടികൾ ആരംഭിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
2023-24 ൽ സ്പെഷൽ സ്കൂളുകൾക്ക് ഗ്രാന്റ് അനുവദിക്കുന്ന പാക്കേജിലെ മനുഷ്യത്വരഹിതമായ വ്യവസ്ഥകൾ മാറ്റി 2024-25 വർഷത്തെ പാക്കേജിന് അപേക്ഷ ക്ഷണിക്കണം.
2023-24 ലെ ഉത്തരവുപ്രകാരം 18 വയസിൽതാഴെ ഉള്ള 20 കുട്ടികൾ പഠിക്കുന്നുണ്ടെങ്കിൽമാത്രമേ സ്പെഷൽ സ്കൂളുകൾക്ക് ഗ്രാന്റ് കിട്ടുകയുള്ളു. എന്നാൽ സർക്കാർ നടത്തുന്ന ബഡ്സ് സ്കൂളിൽ 18 വയസിൽതാഴെ ഒരു കുട്ടി ഉണ്ട് എങ്കിൽ അതിന് അംഗീകാരം നൽകാൻ വ്യവസ്ഥയുണ്ട്.
സ്പെഷൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ അനുപാതം എട്ടുകുട്ടികൾക്ക് ഒരു ടീച്ചർ എന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. അതിനാൽ 18 വയസിൽ താഴെ എട്ടു കുട്ടികൾ പഠിക്കുന്നുണ്ടെങ്കിൽ ഗ്രാന്റ് അനുവദിക്കണം. സ്പെഷൽ സ്കൂളിൽ ജോലി ചെയ്യുന്ന ആയമാർക്ക് വിദ്യാഭ്യാസ യോഗ്യത വർഷങ്ങളായി എട്ടാം ക്ലാസ് ആണ.് എന്നാൽ കഴിഞ്ഞവർഷം മുതൽ ഇത് മുൻകാലപ്രാബല്യത്തോടെ പത്താം ക്ലാസ് എന്നാക്കി മാറ്റിയത് പുനഃപരിശോധിക്കണം.
മുൻകാലപ്രാബല്യത്തോടെ സ്പെഷൽ സ്കൂളിലെ പ്രിൻസിപ്പൽമാരുടെ യോഗ്യതാമാനദണ്ഡം മാറ്റിയതിലൂടെ നിരവധി സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർ പാക്കേജിനു പുറത്തായി. നിരവധി സ്ഥാപനങ്ങൾ സർക്കാർ ഗ്രാന്റ് കിട്ടാതെ അടച്ചുപൂട്ടാൻ തുടങ്ങുകയാണ്.
18 വയസിനു മുകളിൽ പഠിക്കുന്ന കുട്ടികൾക്കു പരിശീലനം നൽകുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററുകൾക്ക് എല്ലാവർഷവും ബജറ്റിൽ തുക മാറ്റി വയ്ക്കുമെങ്കിലും അനുവദിക്കില്ല. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ലഭിക്കുന്ന നിരാമയ ഇൻഷ്വറൻസ് പ്രീമിയം സർക്കാർ അടച്ചുവന്നിരുന്നത് കഴിഞ്ഞവർഷം റദ്ദാക്കിയതായും ഭാരവാഹികൾ ആരോപിച്ചു.
കുടുംബപെൻഷൻ പ്രതിമാസ വരുമാനപരിധി 5000 രൂപയാക്കി കുറച്ചതുവഴി ആനുകൂല്യം ലഭിക്കുന്ന ഭൂരിപക്ഷം കുട്ടികളും പുറത്തായി. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പരിചരിക്കുന്ന മാതാപിതാക്കൾക്കു മാസം 600 രൂപ സഹായം നൽകുന്ന പദ്ധതി മുടങ്ങി.
കുട്ടികൾക്ക് കിട്ടിക്കൊണ്ടിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷനും ഇപ്പോൾ ലഭിക്കുന്നില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
പത്രസമ്മേളനത്തിൽ പെയ്ഡ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബോബി ബാസ്റ്റ്യൻ പൂവ്വത്തുങ്കൽ, എഐഡി ജില്ലാ കോ-ഓർഡിനേറ്റർ സിസ്റ്റർ പൗളിൻ ഒപി, പെയ്ഡ് ജില്ലാ പ്രസിഡന്റ് ജോമി ജോർജ് മാളിയേക്കൽ, ജില്ലാ സെക്രട്ടറി കെ.പി. ഏലിയാസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.