മുങ്ങിമരണങ്ങൾ തടയാൻ നീന്തൽപദ്ധതിയുമായി പട്ടാമ്പി
1450922
Friday, September 6, 2024 12:06 AM IST
ഷൊർണൂർ: മുങ്ങിമരണങ്ങൾ തടയാൻ പട്ടാമ്പിയിൽ നീന്തൽപരിശീലനത്തിന് പദ്ധതി. പരിശീലനത്തിൽ ആർക്കും പങ്കെടുക്കാമെന്ന പ്രത്യേകതയുമുണ്ട്. പ്രായപരിധി നിശ്ചയിക്കാതെയാണ് പരിശീലനം നൽകുന്നത്. ആരോഗ്യപ്രശ്നങ്ങളില്ലാത്തവർക്കെല്ലാം നീന്തൽ പഠിക്കാമെന്നതാണ് പ്രത്യേകത.
പട്ടാമ്പി മണ്ഡലത്തിൽ മുങ്ങിമരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ പറഞ്ഞു.
മണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിലായി പത്തിലധികം കുളങ്ങൾ പടവുകൾ കെട്ടിയും സംരക്ഷണഭിത്തിയുയർത്തിയും മറ്റും നവീകരിച്ചിട്ടുണ്ട്.
ഇവയൊക്കെ പരിശീലനത്തിനായി ഉപയോഗപ്പെടുത്തും. ട്രോമകെയർ, സിവിൽ ഡിഫൻസ് തുടങ്ങിയവരെയും പങ്കാളികളാക്കി മതിയായ സുരക്ഷയൊരുക്കും.
ആദ്യഘട്ടത്തിൽ പട്ടാമ്പി നഗരസഭയിലെ പെരിക്കക്കാട്ടുകുളം, മുതുതല പഞ്ചായത്തിലെ മാടായിക്കുളം എന്നിവിടങ്ങളിൽ പരിശീലനം സംഘടിപ്പിക്കും. പരിശീലന പരിപാടി എട്ടിന് രാവിലെ ഏഴ്മുതൽ തുടങ്ങും. ഇതിനായി നീന്തൽപരിശീലകരെ നിയോഗിച്ചിട്ടുണ്ട്.
ഭാരതപ്പുഴ അതിരിട്ടുകിടക്കുന്ന മണ്ഡലമായതിനാലും കുളങ്ങൾ കൂടുതലുള്ളതിനാലും ഓരോവർഷവും കുട്ടികളടക്കം നിരവധി പേർ മുങ്ങിമരിക്കുന്നുണ്ട്. ഇക്കാര്യം രക്ഷിതാക്കൾ
എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് നീന്തൽപരിശീലനത്തിന് പദ്ധതി തയ്യാറാക്കിയത്.
രണ്ടാംഘട്ടത്തിൽ മണ്ഡലത്തിലെ മറ്റുപഞ്ചായത്തുകളിലെ കുളങ്ങളും പരിശീലനത്തിനായി ഉപയോഗപ്പെടുത്തും. നീന്തൽക്കുളങ്ങളും പരിശീലനത്തിനായി തെരഞ്ഞെടുക്കും.