അപേക്ഷിച്ച് അവാർഡ് വാങ്ങാനില്ലെന്നു നിലപാട്; അധ്യാപകന്റെ പേരു നിർദേശിച്ചതു ശിഷ്യൻ
1450915
Friday, September 6, 2024 12:06 AM IST
ആലത്തൂർ: ഒരിക്കലും അപേക്ഷിച്ച് അവാർഡ് വാങ്ങാൻ ഒരുക്കമല്ല എന്നറിയിച്ച അധ്യാപകന്റെ പേര് പുരസ്കാരത്തിനായി നിർദേശിച്ച് പ്രിയ ശിഷ്യൻ. രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷൻ നൽകുന്ന അധ്യാപക അവാർഡാണ് ആലത്തൂർ എഎസ്എംഎം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ സി. ഗോപകുമാർ ശിഷ്യഗണങ്ങളുടെ ഉപഹാരമായി സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ശിഷ്യനായ കെ.സി. ദീപുചന്ദ് ആണ് ഈ പുരസ്കാരത്തിനായി പ്രിയപ്പെട്ട അധ്യാപകന്റെ പേര് അയച്ചത്.
സ്കൂളിലെ യുപി അധ്യാപകനാണ് സി. ഗോപകുമാർ. പരേതരായ അധ്യാപക ദമ്പതികളായ കെ.എ. ചെന്താമരാക്ഷന്റേയും സി. കാർത്യായനിയുടേയും മകനാണ് 51 കാരനായ ഗോപകുമാർ. 1995 മുതൽ വിദ്യാലയത്തിൽ സേവനം ആരംഭിച്ചു.
ഗണിതത്തോടുള്ള താത്പര്യം ഗണിതാധ്യാപനത്തിലും കാണിക്കാൻ കഴിഞ്ഞത് ടിടിസി പഠനസമയത്ത് ഗണിതാധ്യാപന മത്സരത്തിൽ സംസ്ഥാനതല വിജയിയായപ്പോഴാണ്. അധ്യാപകനായപ്പോൾ മുതൽ ഒരു ഗണിതാധ്യാപകനായിട്ടു തന്നെ അറിയപ്പെടാൻ അത് കാരണമായി. യുപി തലത്തിൽ ഗണിതത്തിന്റെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിലും ജില്ലാ റിസോഴ്സ് ഗ്രൂപ്പിലും റിസോഴ്സ് പേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട്. ഗണിത പ്രശ്നോത്തരി, ഗണിതശില്പശാലകൾ, സെമിനാറുകൾ എന്നിവയിൽ സജീവം. പഠിക്കുന്ന കാലത്ത് സ്കൗട്ടായിരുന്നു.
തുടർന്ന് അധ്യാപകനായപ്പോൾ അതേ സ്കൗട്ട്മാസ്റ്ററിൽ നിന്നും ആ പദവി സ്വീകരിച്ചു. തുടർന്ന് ഉപജില്ല ട്രെയിനിംഗ് കൗൺസിലർ, ഉപജില്ലാ സെക്രട്ടറി, ജില്ലാ കൗൺസിൽ അംഗം, ഒടുവിൽ സ്കൗട്ട്സിന്റെ ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ വരെ ആയി മാറി. അധ്യാപക സംഘടനയായ കെപിഎസ്ടിഎ യിൽ ഉപജില്ല - ജില്ലാ ഭാരവാഹിത്വം. ഇപ്പോൾ പാലക്കാട് വിഭ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡന്റാണ്. ആലത്തൂരിന്റെ തനത് സാമൂഹ്യ- സംസ്കാരിക സംഘടനകളിൽ അണിചേർന്ന് പ്രവർത്തിക്കുന്നു.
പെരുങ്കുളം സുകൃതം വീട്ടിൽ താമസിക്കുന്ന സി. ഗോപകുമാർ ഇവിടുത്തെ എൻഎസ്എസ് കരയോഗത്തിന്റെ സെക്രട്ടറി കൂടിയാണ്. ഭാര്യ കെ. ശാന്തിനി ഇതേ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപികയാണ്. മക്കൾ: വിദ്യാർഥികളായ അഭിനവ് കൃഷ്ണൻ, അഭ്യുദയ്കൃഷ്ണൻ.