അപകടഭീഷണിയായി ട്രാന്‍സ്ഫോർമർ
1435557
Saturday, July 13, 2024 12:28 AM IST
ഷൊർണൂർ: ആനക്കര സ്കൈലാബ് സെന്ററിലെ ട്രാൻസ്ഫോർമർ നീക്കണമെന്നാവശ്യം ശക്തം. ട്രാൻസ്ഫോർമർ ജീവനു ഭീഷണിയാണെന്നാണ് ആക്ഷേപം. വഴിയാത്രക്കാർക്കും ബസ് കാത്തുനിൽക്കുന്നവർക്കും സ്കൂൾകുട്ടികൾക്കും സമീപത്തെ കടകൾക്കും വാഹനങ്ങൾക്കും ഒരുപോലെ അപകട ഭീഷണിയാണെന്നു നാട്ടുകാർ പറയുന്നു.
ട്രാൻസ്ഫോർമർ കരിങ്കൽതറ പണിത് ഉയരത്തിൽ സ്ഥാപിക്കുകയോ, കമ്പിവേലികെട്ടി സുരക്ഷിതമാക്കുകയോ ചെയ്തിട്ടില്ല. മഴക്കാലത്ത് അമിതവൈദ്യുതി പ്രവാഹമുണ്ടാവുമ്പോൾ സ്പാർക്ക് ചെയ്യുന്നതായും പരാതിയുണ്ട്. സമീപത്തെ വ്യാപാരികളും സ്ഥാപനത്തിൽ വരുന്നവരും ഭീതിയിലാണ്.
മനുഷ്യർക്കെന്ന പോലെ കന്നുകാലികൾക്കും ജീവനു ഭീഷണി നേരിടുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് കോലോത്തുപറമ്പ് ശാഖ കമ്മിറ്റി അധികൃതർക്കു പരാതി നൽകി.