വാടകകുടിശിക: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് നാലു കടമുറികൾ പൂട്ടി സീൽ ചെയ്തു
1431035
Sunday, June 23, 2024 6:12 AM IST
അഗളി: വാടക കുടിശിക വരുത്തിയ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള നാല് കടമുറികൾ അധികൃതർ ഇന്നലെ പൂട്ടി സീൽ ചെയ്തു. നാല് കടകളുടെ കുടിശിക തുക അടച്ച് നടപടികളിൽ നിന്നും ഒഴിവായി.
രണ്ട് കടകൾ സറണ്ടർ ചെയ്തുവെന്നും പട്ടികവർഗക്കാരനും വികലാംഗനുമായ ഒരാൾ നടത്തിവന്ന കടയുടെ പേരിൽ യാതൊരു നടപടികളും എടുത്തിട്ടില്ല എന്നും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. മാത്യു പറഞ്ഞു.
12 ലക്ഷത്തോളം രൂപ വാടകയിനത്തിൽ ബ്ലോക്കിന് ലഭിക്കാനുണ്ട്. കുടിശിക തുകയുള്ളതിനാൽ വാടക കരാർ പുതുക്കിയിട്ടില്ല. തുക അടച്ചു തീർക്കണമെന്ന് ആവശ്യപ്പെട്ട് ഏഴുതവണ നോട്ടീസ് കൊടുക്കുകയും ആറുമാസം സാവകാശം നൽകുകയും ഉണ്ടായി.
ഓഡിറ്റിന് ശേഷം ഭരണ സമിതി തീരുമാനപ്രകാരമാണ് നടപടിയിലേക്ക് കടന്നതെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.