റോഡ് നിറയെ കുഴികൾ; എസ്എംപി ജംഗ്ഷൻ കടക്കൽ കഠിനം
1424707
Saturday, May 25, 2024 1:31 AM IST
ഷൊർണൂർ: എസ്എംപി റോഡ് ജംഗ്ഷനിൽ വാരിക്കുഴികൾ. പാതയിലെ കുഴികൾ കാരണം ഗതാഗതക്കുരുക്ക് പതിവായി തീർന്നിരിക്കുകയാണ്. മഴ ശക്തമായതോടെ ഈ കുഴികളിൽ മലിനജലം നിറഞ്ഞ സ്ഥിതിയാണ്. വാഹനങ്ങളെല്ലാം വേഗംകുറച്ച് പോകുന്ന അവസ്ഥയായതിനാൽ പാതയിൽ നീണ്ടനിര തന്നെ രൂപപ്പെടുന്നുണ്ട്. ഷൊർണൂർ-തൃശൂർ സംസ്ഥാനപാതയിൽ അവധിദിവസങ്ങളിൽ പോലും ഇതാണ് സ്ഥിതി.
പ്രവൃത്തിദിവസങ്ങളാണെങ്കിൽ വാഹനങ്ങളുടെ തിരക്ക് ഇരട്ടിയിലേറെയാകും. തൃശൂർ മെഡിക്കൽകോളജിലേക്കുള്ള ആംബുലൻസുകളെല്ലാം ഈ റോഡിൽ കുടുങ്ങുന്ന സ്ഥിതിയാണ്. വീതിയില്ലാത്തതിനാൽ മറികടന്ന് പോകാനുമാവില്ല.
വലിയ കുഴികളിൽ വെള്ളംനിറഞ്ഞ് നിൽക്കുന്നതിനാൽ ആഴമറിയാതെ വേഗംകുറച്ചാണ് വാഹനങ്ങൾ പോകുന്നത്. ബസുകൾക്കാണ് ഏറെ പ്രയാസം. മിനിറ്റുകളുടെ വ്യത്യാസത്തിൽ സർവീസ് നടത്തുന്ന തൃശൂർ-ഒറ്റപ്പാലം പാതയിൽ സമയംതെറ്റിയാൽ തർക്കങ്ങളും പ്രശ്നങ്ങളുമാണ്.
റോഡ് നിർമാണ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ ഉപേക്ഷിച്ചതോടെയാണ് പാതയുടെ അവസ്ഥ കൂടുതൽ ശോചനീയമായത്. മൂന്നുവർഷത്തോളമായി റോഡ് പൂർണമായും തകർന്നുകിടക്കയാണ്.
അധ്യയനവർഷം ആരംഭിക്കുന്നതോടെ പ്രശ്നം കൂടുതൽ രൂക്ഷമാകും. മഴ പെയ്തുതുടങ്ങിയതോടെ താത്കാലിക പരിഹാരത്തിനും സാധ്യതയില്ല.