കരിമ്പ ഗ്രാമപഞ്ചായത്തിൽ ശുചിത്വ കാമ്പയിനു തുടക്കം
1423517
Sunday, May 19, 2024 6:48 AM IST
കല്ലടിക്കോട്: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കരിമ്പ ഗ്രാമപഞ്ചായത്തിൽ ശുചിത്വ കാമ്പയിന് തുടക്കമായി.
ഇതിന്റെ ഭാഗമായി ഓരോ വാർഡിലും നടപ്പിലാക്കുന്ന മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് തലത്തിൽ ശുചിത്വ സമിതികൾ വിളിച്ചുചേർത്തു.മാലിന്യ പരിപാലന പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് വീടുകൾതോറും സ്ക്വാഡുകൾ രൂപീകരിച്ചും വീടുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തികൾ പരിശോധിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ പറഞ്ഞു.
വ്യാപാരികൾ ഉൾപ്പെടെയുള്ള സംഘടനകളും പ്രാദേശിക കൂട്ടായ്മകളും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഇതിനുവേണ്ടി പ്രയോജനപ്പെടുത്തും. ശുചീകരണ പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പായി വിപുലമായ യോഗങ്ങൾ വിളിച്ചുകൂട്ടിയാണ് പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്.
കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ജിനു എൽ.തോമസ് ആരോഗ്യ ബോധവൽക്കരണ സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമളകുമാരി അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ.ചന്ദ്രൻ, ബീന ചന്ദ്രകുമാർ, റമീജ, നീതു, ബിന്ദു, തങ്കച്ചൻ,എ.എം.ജോസ്, വീരാൻ സാഹിബ്, എച്ച്.ജാഫർ, സരിത തുടങ്ങിയവർ സംസാരിച്ചു.