വീൽചെയറിലെ ജീവിതം തുടരാൻ സുനിൽകുമാറിന് കുടകൾ നിർമിക്കണം
1423217
Saturday, May 18, 2024 1:40 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: മുടപ്പല്ലൂർ ചക്കാന്തറയിലെ വാടകവീട്ടിൽ സുനിൽകുമാർ ഒറ്റയ്ക്കാണ്. അരയ്ക്കു താഴെ സുനിൽകുമാറിനു സ്വാധീനമില്ല. രണ്ടു കാലുകളും ഒട്ടിപ്പിടിച്ച നിലയിലാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി കട്ടിലിലും വീൽചെയറിലുമാണ് ഈ 43 കാരന്റെ ജീവിതം. എന്തിനും പരസഹായം വേണ്ട സ്ഥിതി. എന്നാൽ തുണയ്ക്ക് ആരുമില്ലാത്തതിനാൽ വീൽചെയറിൽ നിരങ്ങിനീങ്ങി പ്രാഥമിക ആവശ്യങ്ങളുൾപ്പെടെയുള്ള കാര്യങ്ങൾ നടത്തും. മൂത്രത്തിനു ട്യൂബിട്ടിരിക്കുകയാണ്.
ഭക്ഷണം ഉണ്ടാക്കൽ, തുണി കഴുകൽ, വീട് വൃത്തിയാക്കൽ എല്ലാം വീൽചെയറിലിരുന്ന്. തൃശൂരിൽ സ്വർണപ്പണിയായിരുന്നു സുനിൽകുമാറിന്. 13 വർഷംമുമ്പ് കൂട്ടുകാർക്കൊപ്പം മരത്തിൽ കയറിയതായിരുന്നു. കാൽ തെന്നി നിലത്തു വീണു. അരയ്ക്കു താഴെ ഒടിഞ്ഞുതൂങ്ങി.
നീണ്ടകാലത്തെ ചികിത്സയിലും ഫലമുണ്ടായില്ല. അച്ഛൻ ശ്രീധരനും അമ്മ തായുവും മകന്റെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കാവുന്നതെല്ലാം ചെയ്തു. ഉള്ള സമ്പാദ്യവും കിടപ്പാടവും വിറ്റ് ചികിത്സ നടത്തി. പക്ഷേ, സ്വയം എഴുന്നേൽക്കാനുള്ള ശേഷി തിരിച്ചുകിട്ടിയില്ല. ചികിത്സയ്ക്കായി കിടപ്പാടം നഷ്ടപ്പെട്ടതോടെ പിന്നെ വാടകവീടുകളിലായി ജീവിതം.
ഇതിനിടെ അച്ഛനും അമ്മയും മരിച്ചു. മാതാപിതാക്കളുടെ മരണം യുവാവിന്റെ മുന്നോട്ടുള്ള ജീവിതവും ഏറെ ദുരിതപൂർണമാക്കി. ഏക സഹോദരി കുടുംബമായി കർണാടകയിലെ കുടകിലാണ്. ഇവരും സാമ്പത്തികമായി അത്ര നല്ല സ്ഥിതിയിലല്ല. ഏകാന്തതയും ദുരിതങ്ങളും കൂടപ്പിറപ്പായപ്പോൾ ഏതു വിധേനയും ഒരു തൊഴിൽ പഠിക്കണമെന്ന ആഗ്രഹത്തിൽ പലരുടെയും സഹായത്തോടെ കുടനിർമാണം പഠിച്ചു.
ഒന്നുരണ്ടു വർഷം കൂട്ടുകാരും സുമനസുകളും സഹായിച്ച് കുടനിർമാണസാധനങ്ങൾ വാങ്ങി കുടയുണ്ടാക്കി വില്പന നടത്തി. മഴസീസണിൽ അതു ചെറിയൊരു വരുമാനമായിരുന്നെന്ന് സുനിൽകുമാർ പറഞ്ഞു. എന്നാൽ മഴസീസൺ അടുത്തെത്തിനിൽക്കെ കുട നിർമാണസാധനങ്ങളായ തുണിയും കമ്പികളും വാങ്ങാൻ ഈ ചെറുപ്പക്കാരന്റെ പക്കൽ പണമില്ല.
ആരെങ്കിലുമൊക്കെ സഹായത്തിനെത്തുമെന്നാണ്, എല്ലാ വേദനകളും സന്തോഷത്തോടെ ഏറ്റുവാങ്ങുന്ന സുനിൽകുമാർ പറയുന്നത്. പഠിച്ച തൊഴിൽ മറന്നു പോയാൽ പുതിയൊരു തൊഴിൽ പഠിക്കാൻ ഇനി തന്റെ കൈകൾക്കാകുമോ എന്ന ആശങ്കയുമുണ്ട്. വീട്ടുവാടക കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീടുള്ള ഭാവിയെക്കുറിച്ചും സുനിൽകുമാർ ചിന്തിക്കുന്നില്ല. റേഷനരികൊണ്ടാണ് തള്ളിനീക്കുന്നത്. വില ക്കുറവുള്ള പച്ചക്കറികൾ വാങ്ങി കറിപോലെ എന്തെങ്കിലും ഉണ്ടാക്കി കഴിക്കും.
ഏറെ നൊമ്പരപ്പെടുത്തുന്നതാണ് സുനിൽകുമാറിന്റെ ജീവിതം. കാലപ്പഴക്കത്തിൽ വീൽചെയറും ഇപ്പോൾ മുന്നോട്ടു നീങ്ങുന്നില്ല. കൈ കൊണ്ട് അമർത്തി തള്ളണം. സ്വയം എഴുന്നേൽക്കാനുള്ള ശേഷികിട്ടാൻ തുടർച്ചയായ ഫിസിയോ തെറാപ്പി വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. പണമില്ലാത്തതിനാൽ എല്ലാം നിർത്തിവച്ചു.
സ്വന്തമായി ഒരു വീടില്ലാത്തതാണ് സുനിൽകുമാറിന്റെ വലിയ വേദന. കിഴക്കഞ്ചേരി പഞ്ചായത്തിൽപ്പെട്ട കൊഴുക്കുള്ളിയാണ് സുനിൽകുമാറിന്റെ നാട്. വീടിനായി പഞ്ചായത്തിൽ പലതവണ അപേക്ഷ നൽകിയെങ്കിലും ഇനിയും പരിഗണിച്ചിട്ടില്ല.
സ്വന്തമായി ഒറ്റമുറി വീടു മതി. വീട്ടുവാടക ഒഴിവാകുമല്ലോ. മറ്റു ചെലവുകൾ എങ്ങനെയെങ്കിലും നടക്കും. സുനിൽകുമാർ പറയുന്നു. ഫോൺ: 7025243161