റോഡരികിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ നിരീക്ഷണ കാമറ സ്ഥാപിക്കണം
1417264
Friday, April 19, 2024 12:40 AM IST
ചിറ്റൂർ: കൂമൻകാട് - മൂപ്പൻകുളം പാതയരികിൽ ചാക്കിൽ കെട്ടി മാലിന്യംതള്ളൽ വീണ്ടും സജീവം. കാട്ടുപന്നി, നായ എന്നിവ കുറുകെ ഓടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ട നിരവധി അപകടങ്ങൾ ഈ സ്ഥലത്ത് നടന്നിട്ടുണ്ട്. ഇറച്ചിമാലിന്യം, വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യം എന്നിവ റോഡിനിരുവശത്തും വ്യാപകമായി കാണപ്പെടുന്നുണ്ട്.
ഇതു ഭക്ഷിക്കാനെത്തുന്ന മൃഗങ്ങളാണ് വാഹന അപകടങ്ങൾക്ക് കാരണമാവുന്നത്. ബന്ധപ്പെട്ട പഞ്ചായത്തധികൃതർ മാലിന്യം തള്ളുന്നതു ശിക്ഷാർഹമാണെന്ന അറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും അനുസരിക്കാതെയാണ് മാലിന്യം രാത്രിസമയങ്ങളിൽ തള്ളുന്നത്. മാലിന്യം ഭക്ഷിക്കാനെത്തുന്ന വിഷപ്പാമ്പുകൾ രാത്രിയിൽ കാൽനടയാത്രക്കാർക്കു ഭീഷണിയാവുന്നുമുണ്ട്. സ്ഥലത്തുനിരീക്ഷണകാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടി പിഴ ഈടാക്കുന്നതുൾപ്പെടെ ശിക്ഷണനടപടികൾ സ്വീകരിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.