വിഷുവിപണിയിൽ പച്ചക്കറിക്കും പഴവർഗങ്ങൾക്കും തീവില
1416114
Saturday, April 13, 2024 1:29 AM IST
വടക്കഞ്ചേരി: വിഷു വിപണിയിൽ തൊട്ടതിനെല്ലാം പൊള്ളുന്ന വില. വരൾച്ച, ക്ഷാമം എന്നൊക്കെ പറഞ്ഞ് പച്ചക്കറി വില തോന്നുംമട്ടിലാണ്. പഴവർഗങ്ങളുടെ വിലയും ഉയർന്നു തന്നെ.
പടക്ക വിലക്കും യാതൊരു നിയന്ത്രണവുമില്ല. പത്തിരട്ടിയിലധികമാണ് വില. വാങ്ങാനെത്തുന്നവരെ നോക്കിയാണ് വില പറച്ചിൽ.
സാമ്പത്തിക ഞെരുക്കത്തിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് വലിയ ഇരുട്ടടിയായിരിക്കുകയാണ് വിഷു വിപണിയിലെ തീ വില. പുതിയ റിക്കാർഡ് വിലകളാണ് പച്ചക്കറികൾക്കെല്ലാം.
ബീൻസ്- 140, കാരറ്റ്-130, ചെറുനാരങ്ങ-250, പയർ-100, വെള്ളരി- 60, പാവയ്ക്ക- 90, ചേമ്പ്-120, ചേന- 80, എളവൻ- 40, മത്തൻ-40, ഇഞ്ചി- 250, പച്ചമുളക്-100, വെണ്ടയ്ക്ക- 100 എന്നിങ്ങനെയാണ് വിലകൾ.
കൊടുംചൂടിൽ എല്ലാം വെന്തുരുകി നശിച്ചതിനാൽ നാടൻ പച്ചക്കറികൾ കിട്ടാനില്ല.
കൊന്നപ്പൂ മുതൽ വിഷുവിന് കണികാണാനുള്ള എല്ലാ സാധനങ്ങൾക്കും ഉയർന്ന വിലയുണ്ട്.
പഴ വിപണിയും ജനങ്ങളെ ഞെക്കിപ്പിഴിയുകയാണ്. കിലോയ്ക്ക് 20 മുതൽ 50 രൂപ വരെ വിലവർധനവാണ് പഴങ്ങൾക്കും. നാടൻ കണിവെള്ളരിക്ക വിപണിയിൽ കാണാൻ പോലുമില്ല. എല്ലാം വരവ് ഇനങ്ങളാണ്.