കർഷകശ്രദ്ധ കൊട്ടിൽപ്പാറയിലെ കൃത്യതാകൃഷിയിലേക്ക്
1394806
Friday, February 23, 2024 1:20 AM IST
പാലക്കാട്: എലപ്പുള്ളി കൊട്ടിൽപ്പാറയിലെ കൃത്യതാ കൃഷിയിലേക്ക് കർഷകശ്രദ്ധ തിരിയുന്നു.
എലപ്പുള്ളി ഗ്രാമ പഞ്ചായത്തിലെ ആദ്യ പച്ചക്കറി ക്ലസ്റ്റർ ആണ് കൊട്ടിൽപാറ ശാലോം പച്ചക്കറി സംഘം. 30 ഏക്കറിൽ അധികം സ്ഥലത്താണ് ഇവിടെ പച്ചക്കറി കൃഷി നടത്തുന്നത്.
ഏകദേശം എല്ലാ ഇനം പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു. ഈ കർഷകരെ സംഘടിപ്പിച്ചാണ് ക്ലസ്റ്റർ പ്രവർത്തനം ആരംഭിച്ചത്.
തുടർന്ന് ഇവർക്ക് തൊഴിലുറപ്പ് സേവനം, വിവിധ സാന്പത്തിക സഹായം, സ്ഥിരം പന്തൽ എന്നിവ നൽകി. ഇപ്പോൾ ഏറ്റവും നൂതന കൃഷി രീതിയായ ഓപ്പണ് പ്രിസിഷൻ ഫാമിംഗ് വിത്ത് പ്ലാസ്റ്റിക് മൾച്ചിംഗ് എന്ന സാങ്കേതിക വിദ്യയാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്.
ഡ്രിപ്പ് ഇറിഗേഷൻ സ്ഥാപിച്ച് അതിന് മുകളിലായി പ്ലാസ്റ്റിക് മൾചിംഗ് നടത്തി പച്ചക്കറി തൈകൾ നടുന്നു.
ഡ്രിപ്പിലൂടെ ജലത്തിൽ അലിയുന്ന രാസവളങ്ങൾ ഫെർട്ടിഗേഷൻരീതിയിൽ ചെടിയുടെ വേര് പടലത്തിലേക്ക് തുള്ളി നനയിലൂടെ നേരിട്ട് എത്തിക്കുന്നു. ഇതിലൂടെ ചെടിക്ക് ആവശ്യമായ തോതിൽ മാത്രം പോഷക ഘടകങ്ങൾ കൃത്യതയോടെ ചെടിക്ക് വലിച്ചെടുക്കുവാൻ സാധിക്കുന്നു.
ആദ്യഘട്ടത്തിൽ 10 ഏക്കർ സ്ഥലത്താണ് കൃത്യത കൃഷി നടപ്പിലാക്കുന്നത്.
വരുംനാളുകളിൽ കൃത്യത കൃഷി രീതികൾ കൂടുതൽ കൃഷിയിടങ്ങളിലേക്ക് വ്യാപിപ്പിക്കും എന്നും എലപ്പുള്ളിയിൽ പുതിയ പച്ചക്കറി ഗ്രൂപ്പുകൾ കൃഷി ആരംഭിക്കുമെന്നും കൃഷി ഓഫീസർ ബി.എസ്. വിനോദ് കുമാർ അറിയിച്ചു.
കൊട്ടിൽപാറ അരുൾ ജോസഫ് എന്ന കർഷകന്റെ കൃഷിയിടത്തിൽ നടന്ന ചടങ്ങ് എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു ഉദ്ഘാടനം ചെയ്തു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ റാണി പദ്ധതി വിശദീകരണം നടത്തി.