പാലക്കാട്: ഓഫീസിലേക്ക് പുറപ്പെട്ട സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് വാഹനാപകടത്തില്‍ മരിച്ചു. കോട്ടപ്പുറം കുളങ്ങര ഗീതാഞ്ജലി പ്രകാശന്(52) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ശബരിമല ഡ്യൂട്ടിക്ക് പോകാന്‍ പാലക്കാട് കൊപ്പത്തെ ഭാര്യയുടെ വീട്ടില്‍നിന്ന് സ്പെഷല്‍ ബ്രാഞ്ച് ഓഫിസിലേക്ക് വരുന്നതിനിടെയിലാണ് സംഭവം.
പാലക്കാട് സ്പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പ്രകാശന് സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പാലക്കാട് ഓഫീസില്‍ പൊതുദര്‍ശനത്തിനുവച്ചു. തുടര്‍ന്ന് കോട്ടപ്പുറം കാവിനു സമീപമുള്ള വീട്ടിലെത്തിച്ച ശേഷം വൈകീട്ടോടെ സംസ്കരിച്ചു. ഭാര്യ: സുധ (അധ്യാപിക, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തോട്ടര), മക്കള്‍: നവനീത്, കൃഷ്ണജ (ഇരുവരും വിദ്യാര്‍ഥികള്‍).