യാത്രക്കാരെ ഭീതിയിലാക്കി വണ്ടിത്താവളം നഗരത്തിൽ തെരുവുനായ വിളയാട്ടം
1376100
Wednesday, December 6, 2023 1:17 AM IST
വണ്ടിത്താവളം : ടൗണിൽ ഒന്നര കിലോമീറ്റർ ദൂരപരിധിയിൽ തെരുവുനായ വിളയാട്ടം യാത്രക്കാർക്ക് ഭീതിജനകമായിട്ട് ഏറെനാളായി. നായകൾ കുറകെ ഓടി ഇരുചക്രവാഹനം മറിഞ്ഞ് യാത്രക്കാരൻ മരണപ്പെട്ടതുൾപ്പെടെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്.
വിളയോടി റോഡ്, പച്ചക്കറിച്ചന്ത, പള്ളിമെക്ക്, തങ്കം ജംഗ്ഷൻ , ബസ് സ്റ്റാൻഡ് , പന്തൽമുച്ചി, ടാക്സി സ്റ്റാൻഡ് എന്നിവിടങ്ങളിൽ അഞ്ചും പത്തും വീതമാണ് നായകൾ തമ്പടിച്ച് പരാക്രമം നടത്തുന്നത്.
ഏകദേശം അഞ്ചു വർഷം മുൻപാണ് തെരുവുനായ പിടുത്തം നടത്തി വന്ധീകരിച്ച് തിരികെ വിട്ടത്. എന്നാൽ വന്ധ്യംകരണ പ്രവർത്തനങ്ങൾ ഫലംകണ്ടില്ലെന്ന രീതിയാണ്.
രണ്ടു വർഷം മുൻപ് പേയിളകിയ നായ വിദ്യാർഥികൾ, ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ 15 പേരെ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നാലുപേർ മാസങ്ങളോളം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നടത്തിയാണ് തിരിച്ചെത്തിയത്.
നേരം ഇരുട്ടി കഴിഞ്ഞാൽ വണ്ടിത്താവളം പള്ളിമൊക്കു മുതൽ തങ്കം ജംഗ്ഷൻവരെയുള്ള രോഡിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.
പ്രദേശത്തെ തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണമെന്നതാണ് നാട്ടുകാരുടെയും വാഹന യാത്രക്കാരുടെയും ആവശ്യം.