കോയന്പത്തൂർ സിസിഎഫ്എഫ് ക്രിസ്മസ് കരോൾ ആഘോഷിച്ചു
1376016
Tuesday, December 5, 2023 6:40 AM IST
കോയമ്പത്തൂർ : കാലഘട്ടത്തിന്റെ വെല്ലുവിളികൾക്കും ചോദ്യങ്ങൾക്കും യേശുസാക്ഷ്യം നല്കുവാൻ സാധിക്കുന്നത് ഒന്നിപ്പിക്കുന്ന ക്രൈസ്തവ സാഹോദര്യമാണെന്നും ഭിന്നതകൾ മറന്ന് യോജിക്കാവുന്ന എല്ലാ മേഖലകളും ഒന്നിച്ചുകൊണ്ട് വിവിധ ക്രിസ്തീയ സഭകൾ യേശുക്രിസ്തുവിന്റെ നാമത്തിൽ ഒരുമിച്ചു പ്രവർത്തിക്കുവാനും രാമനാഥപുരം മെത്രാൻ മാർ പോൾ ആലപ്പാട്ട് ആഹ്വാനം ചെയ്തു.
കോയമ്പത്തൂരിലെ മാർത്തോമ്മാ പാരമ്പര്യമുള്ള എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കോയമ്പത്തൂർ ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് (സിസിഎഫ്എഫ്) സംഘടിപ്പിച്ച ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ പങ്കെടുത്ത് സന്ദേശം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോത്തന്നൂർ സെന്റ് ക്ലൊത്തിൽഡ ദേവാലയത്തിൽ എട്ട് സഭകളിൽ നിന്നായി 20ൽ പരം ഗായകസംഘങ്ങളുടെ ക്രിസ്മസ് കരോൾ ഗാനങ്ങളും സ്കിറ്റുകളുമായി 201 സാന്താക്ലോസുമാർ ഒരുമിച്ച് ചുവടുവച്ചു.
കോയമ്പത്തൂർ ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെലോഷിപ്പ് പ്രസിഡന്റ് ഫാ. ജോൺസൺ വീപ്പാട്ടുപറമ്പിൽ, വൈസ് പ്രസിഡന്റ് സജീവച്ചൻ, സെക്രട്ടറി ഡെന്നി സി.ചാക്കോ, ട്രഷറർ ജീൻ ജോൺ, എക്യൂമെനിക്കൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ.ജിജോ പുല്ലുകാലായിൽ, കൺവീനർ എ.ആർ. ജോസ്, എം.എ. ജെയിംസ്, ഇ.ആർ. ജോർജ്, ജോയിന്റ് കൺവീനർമാരായ പി.ടി. ആന്റണി, സ്റ്റീഫൻ ആൻഡ്രൂസ്, പോത്തന്നുർ ഇടവക കൈക്കാരൻമാരായ എം.ഒ. കൊച്ചുമോൻ, ടി.എൽ. സെബാസ്റ്റ്യൻ, റീജേഷ് ചാക്കോ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നല്കി.