തുലാവർഷം നീങ്ങി, വരണ്ടുണങ്ങി നെൽപ്പാങ്ങൾ
1376013
Tuesday, December 5, 2023 6:40 AM IST
നെന്മാറ: തുലാവർഷം നീങ്ങിയതോടെ നെൽപ്പാടങ്ങളിലെ വെള്ളവും വറ്റിത്തുടങ്ങി. നട്ടു കഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോഴേക്കും നെൽപ്പാടങ്ങളിലെ വെള്ളം വറ്റിയത് കർഷകരിൽ ആശങ്കയുളവാക്കുന്നു.
ചേറു വിതയുടെ സൗകര്യാർത്ഥം സമീപത്തെ നെൽപ്പാടങ്ങളിലെ വെള്ളം തുറന്നു വിട്ടതോടെ പാടശേഖരങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലെ നെൽപ്പാടങ്ങളാണ് വിണ്ടു കീറിയത്.
കുളവും, കുഴൽ കിണറും, വെള്ളം പമ്പ് ചെയ്യാൻ സൗകര്യമുള്ള കർഷകർ വെള്ളം നനച്ചു തുടങ്ങി. ചേറുവിത നടത്തി മഴ പ്രതീക്ഷയിൽ നെൽപ്പാടം വറ്റിച്ച നെൽക്കർഷകരാണ് വെള്ളം കുറവുമൂലം നട്ടംതിരിയുന്നത്.
മൂപ്പ് കുറഞ്ഞ വിളയാണ് കൃഷി ചെയ്തിരിക്കുന്നതെങ്കിലും ഇടമഴ ലഭിച്ചില്ലെങ്കിൽ കൂടുതൽ നെൽപ്പാടങ്ങൾ ഉണക്ക ഭീഷണിയിലേയ്ക്ക് പോകുമെന്ന് അയിലൂർ തിരുവഴിയാട് മേഖലയിലുള്ള കർഷകർ പറയുന്നു.
പോത്തുണ്ടി അണക്കെട്ടിലും 25 അടിയിൽ താഴെ മാത്രം വെള്ളം ഉള്ളതിനാൽ വെള്ളം തുറന്നു നല്കേണ്ട കാര്യത്തെക്കുറിച്ച് ഉപദേശക സമിതി യോഗവും ചേർന്നിട്ടില്ല.