മുഖ്യമന്ത്രിയും മന്ത്രിമാരും അറിയാൻ കർഷകരുടെ വിഷമതകൾക്കു പരിഹാരം കാണണം
1375427
Sunday, December 3, 2023 5:02 AM IST
വടക്കഞ്ചേരി: നാട്ടിലെ ജനങ്ങളുടെ വിഷമതകൾ നേരിട്ടറിയാനെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങളുടെ ഇന്നത്തെ ദൈന്യ സ്ഥിതി കാണാതെ പോകരുതെന്ന് കർഷകർ. നെല്ല് ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങൾ സംഭരിച്ചാൽ അതിന്റെ വില ഉടനടി നൽകാൻ നടപടി വേണം. സദസിലെ ജനക്കൂട്ടത്തിനു മുന്നിൽ താത്കാലികമായ പ്രഖ്യാപനങ്ങൾക്കപ്പുറം പ്രായോഗികമായ നടപടി ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
നാളികേര സംഭരണം പേരിനു മാത്രമാക്കാതെ കർഷകർക്കുണ്ടാകുന്ന നാളികേരം മുഴുവൻ സംഭരിക്കാനുള്ള സംവിധാനം കണ്ടെത്തണം. വെള്ളീച്ച ഉൾപ്പെടെയുള്ള കീടബാധ മൂലം തെങ്ങുകൾ കൂട്ടത്തോടെ നശിക്കുകയാണ്. കീടബാധകൾക്ക് പ്രതിവിധി കണ്ടെത്താൻ ഇനിയും വൈകിയാൽ ഏറ്റവും അടുത്ത ഭാവിയിൽ തന്നെ തെങ്ങ് നാട്ടിൽ ഇല്ലാതാകും.
കാട്ടുമൃഗ ശല്യമാണ് മറ്റൊരു മഹാ ആപത്തായി മാറുന്നത്. മലയോരങ്ങളിൽ ഇപ്പോൾ കൃഷിയില്ലാതായി. ആനകൾ ഇറങ്ങി മലയോരത്തെ ജനജീവിതവും ഭീഷണിയിലാണ്.മലമ്പ്രദേശത്തെ വീടുകൾ ഉപേക്ഷിച്ച് കർഷകർ താഴെയിറങ്ങി വാടക വീടുകളിലും മറ്റും കഴിയേണ്ട ഗതികേടിലാണിപ്പോൾ.
നേരത്തെ റബർ തോട്ടങ്ങളിൽ ആനയുടെ ശല്യം ഉണ്ടായിരുന്നില്ല. ഇപ്പോൾ റബർ മരങ്ങൾ തള്ളിയിട്ട് ഇലയും ആന ഭക്ഷണമാക്കുകയാണ്. കാട്ടുമൃഗങ്ങളെ കാട്ടിൽ തന്നെ സംരക്ഷിക്കാനുള്ള പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തണം. കാട്ടുപന്നി പെരുകി നാട്ടിലും നഗരത്തിലൊന്നും വഴിനടക്കാനാകാത്ത സ്ഥിതിയായി. റബറിന്റെ ഇൻസന്റീവ് കുടിശിക നൽകണം.
ഇപ്പോൾ അഞ്ചുമാസത്തെ കുടിശികയുണ്ട്. നിരവധി പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് അവകാശപ്പെടുന്ന കണ്ണമ്പ്ര വ്യവസായ പാർക്കിന്റെ തുടർനടപടികളും വേഗത്തിലാക്കണം. ഫലവൃക്ഷങ്ങൾ നിറഞ്ഞു നിന്നിരുന്ന മൂന്നൂറിലേറെ ഏക്കർ ഭൂമി പൊന്തക്കാട് കയറി കാട്ടുപന്നികളുടെയും മറ്റും താവളങ്ങളായി മാറി.
അഞ്ച് പഞ്ചായത്തുകൾക്കുള്ള 130 കോടി രൂപയുടെ മംഗലംഡാം കുടിവെള്ള പദ്ധതി പൈപ്പിടലിൽ ഒതുക്കാതെ പദ്ധതി പൂർത്തിയാക്കാൻ ഇടപെടലുകൾ ഉണ്ടാകണം. മംഗലം ഡാമിലെ മണ്ണും ചെളിയും നീക്കി ഡാമിൽ ജലസംഭരണം കൂട്ടിയാണ് കുടിവെള്ള പദ്ധതിക്കുള്ള വെള്ളം കണ്ടെത്തേണ്ടത്.
എന്നാൽ മണ്ണെടുക്കൽ രണ്ട് വർഷമായി മുടങ്ങിക്കിടക്കുകയാണ്. കോടികളേറെ ചെലവഴിച്ചിട്ടും ലക്ഷ്യം കാണാത്ത മംഗലംഡാം ടൂറിസം പദ്ധതികൾ സംബന്ധിച്ച് അന്വേഷണം നടത്തി ഡാം ടൂറിസം വികസനത്തിന് അനുയോജ്യമായ പദ്ധതികൾ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്.