കാട്ടുമൃഗങ്ങൾ ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ കർഷകന് വനം വകുപ്പ് അനുവദിച്ചത് 11,000 രൂപ മാത്രം
1336831
Wednesday, September 20, 2023 12:59 AM IST
മംഗലംഡാം: കാട്ടുമൃഗങ്ങൾ കയറി കൃഷി നശിപ്പിച്ച് ലക്ഷങ്ങളുടെ നഷ്ടമുണ്ടായ കശുമാവ് കർഷകന് വനംവകുപ്പിൽ നിന്നും അനുവദിച്ചത് 11,000 രൂപ മാത്രം. കരിങ്കയം ഇലഞ്ഞിമറ്റം തോമസിനാണ് അപേക്ഷ നൽകി മൂന്നുമാസത്തിനുശേഷം തുക അനുവദിച്ചു കൊണ്ടുള്ള നോട്ടീസ് വന്നിട്ടുള്ളത്.
ഇതുതന്നെ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് തുക നൽകുമെന്നാണ് നോട്ടീസിൽ പറയുന്നത്. കശുമാവ് മരങ്ങളിൽ നിറയെ പൂക്കളും പിഞ്ചണ്ടിയുമായ സമയത്ത് നൂറുകണക്കിന് കുരങ്ങന്മാരും ആയിരകണക്കിന് വരുന്ന കടവാവലുകളും കൂട്ടമായെത്തി കൃഷിയെല്ലാം നശിപ്പിക്കുകയായിരുന്നു. നല്ല പരിചരണമുള്ള തോട്ടമായതിനാൽ സീസണിൽ നാല് ടൺ വരെ കശുവണ്ടി ലഭിക്കുമെന്നായിരുന്നു കശുമാവ് വികസന കോർപ്പറേഷൻ അധികൃതർ തോട്ടത്തിൽ പരിശോധന നടത്തി പറഞ്ഞിരുന്നത്. ഇതിനെ തുടർന്നാണ് നഷ്ടപരിഹാരത്തിനായി തോമസ് വനംവകുപ്പിന് അപേക്ഷ നൽകിയതും.
നെന്മാറ ഡിഎഫ്ഒ ക്ക് നൽകിയ പരാതി പിന്നീട് താഴെതട്ടിലേക്ക് കൈമാറി. ഒടുവിൽ കൃഷിഭവൻ അധികൃതരാണ് തോട്ടത്തിൽ പരിശോധനയ്ക്ക് എത്തിയത്. അപ്പോഴേക്കും കശുവണ്ടി സീസൺ കഴിഞ്ഞിരുന്നു.
കശുമാവ് വികസന കോർപ്പറേഷന്റെ മോഹവലയത്തിൽപെട്ടാണ് റബർ പ്ലാന്റ് ചെയ്തിരുന്ന തോട്ടത്തിൽ പിന്നീട് കശുമാവ് കൃഷിയിറക്കി തോമസ് പരീക്ഷണത്തിനിറങ്ങിയത്. എന്നാൽ കാട്ടുമൃഗശല്യം രൂക്ഷമായതോടെ കർഷകന് ഭീമമായ നഷ്ടം സംഭവിച്ചു.
നഷ്ടപരിഹാരം നൽകേണ്ട വനം വകുപ്പും അപമാനിക്കും വിധമുള്ള നടപടി സ്വീകരിച്ചതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ ധർമസങ്കടത്തിലാണ് ഈ കർഷകൻ.
കശുമാവ് മരങ്ങളുടെ അടിയിലെ കൊമ്പുകളെല്ലാം വെട്ടിമാറ്റി കുരുമുളക് വെച്ചുപിടിപ്പിച്ചെങ്കിലും ഷെയ്ഡ് ഉള്ളതിനാൽ അതും വളരുന്നില്ലെന്ന് തോമസ് പറഞ്ഞു.