അക്രമാസക്തരായി തെരുവുനായകൾ
1301542
Saturday, June 10, 2023 12:42 AM IST
ഷൊർണൂർ: അന്തരീക്ഷ ഉൗഷ്മാവ് വർധിക്കുകയും ആവശ്യത്തിന് ആഹാരസാധനങ്ങൾ കിട്ടാതെ വരികയും ചെയ്തതോടെ തെരുവുനായ്ക്കൾ അക്രമാസക്തരാകുന്നു. കൂനത്തറയിലും കവളപ്പാറയിലുമെല്ലാം തെരുരുവുനായ്ക്കൾ വലിയ ഭീഷണിയായി മാറി. ഇവയുടെ ശല്യം പ്രതിദിനം വർധിച്ചുവരികയാണ്.
ഇരുചക്രവാഹനങ്ങൾക്ക് പുറകെ പാഞ്ഞ് അപകടങ്ങളും വരുത്തിവക്കുന്നുണ്ട്. ശല്യം പരിഹരിക്കാൻ ഒരു നടപടികളും ഇല്ലാത്ത സ്ഥിതിയാണ്. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുകയാണ് ഏക പ്രതിവിധിയായി നിലവിലുള്ളത്. ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ തെരുവുനായ്ക്കളുടെ എണ്ണം പ്രതിദിനം കൂടി വരുന്നുണ്ട്.
ഇവ പലപ്പോഴും അക്രമാസക്തരായി തീരുന്ന സ്ഥിതിയുമുണ്ട്. പരസ്പരം കടിപിടി കൂടി ബഹളമുണ്ടാക്കി സ്വൈരവിഹാരം നടത്തുന്ന നായ്ക്കൾ തീവണ്ടി യാത്രക്കാർക്കും മറ്റുള്ളവർക്കും ഒരുപോലെ ഭീഷണി ഉയർത്തുന്നുണ്ട്.
രാത്രികാലങ്ങളിലും പ്രഭാതങ്ങളിലും തീവണ്ടി യാത്രക്കാർക്കും പ്രഭാത സവാരി നടത്തുന്നവർക്കും വലിയ ഭീഷണിയാണ് ഇവ ഉയർത്തുന്നത് പ്രഭാത സവാരി നടത്തുന്നവർ കയ്യിൽ മുളങ്കന്പോ, വടിയോ ഇല്ലാതെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.