സിവിൽ സർവീസ് പരീക്ഷാ പരിശീലനം
1298185
Monday, May 29, 2023 12:15 AM IST
കല്ലടിക്കോട്: സംസ്ഥാനത്തെ പട്ടികജാതി വിഭാഗക്കാരിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് താത്പര്യമുള്ള മെഡിക്കൽ/എൻജിനീയറിംഗ് ബിരുദധാരികൾ, മറ്റ് വിഷയങ്ങളിലെ ബിരുദ ബിരുദാനന്തര പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവർ എന്നിവർക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലന പദ്ധതിയായ "ലക്ഷ്യ സ്കോളർഷിപ്പി’ന് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി വികസന വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് മെഡിക്കൽ/എൻജിനീയറിംഗ് ബിരുദമോ മറ്റ് വിഷയങ്ങളിൽ ബിരുദ/ബിരുദാനന്തര പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവർക്കോ അപേക്ഷിക്കാം.
2023 ഏപ്രിൽ 1ന് 21-36 പ്രായപരിധിയിൽ ഉള്ളവരായിരിക്കണം. മെഡിക്കൽ/എൻജിനീയറിംഗ്/ബിരുദ/ബിരുദാനന്തര പരീക്ഷകളിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവർ തെരഞ്ഞെടുക്കുന്ന മികച്ച സ്ഥാപനങ്ങളിൽ ചേർന്ന് പരിശീലനം നടത്താം.
വെബ്സൈറ്റ് മുഖേനയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 20. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 04712533272/ 8547630 004/ 9446412579 നന്പറുകളിൽ നിന്ന് ലഭിക്കും.