മേയ് 31നകം റോഡ് നിർമാണം പൂർത്തിയാക്കണം: ജില്ലാ കളക്ടർ
1297934
Sunday, May 28, 2023 3:16 AM IST
പാലക്കാട് : മഴ മുന്നിൽക്കണ്ട് മേയ് 31 നകം ജില്ലയിലെ റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടിവ് എൻജിനീയർമാർക്ക് ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം നല്കി. മഴ തുടങ്ങുന്നതിന് മുൻപ് തുറന്നുകിടക്കുന്ന ഡ്രെയിനേജുകൾ അടയ്ക്കുന്നതിന് വേണ്ട അടിയന്തിര നടപടി സ്വീകരിക്കണം.
റോഡരികുകളിലെ അപകടകരമായി നില്ക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റാൻ ബന്ധപ്പെട്ട കെഎസ്ഇബി, പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദേശം നല്കി. അണക്കെട്ടുകളിൽ പൊതുജനങ്ങൾ മാലിന്യം നിക്ഷേപിക്കുന്ന തടയുന്നത് തടയാൻ വിവിധയിടങ്ങൾ കേന്ദ്രീകരിച്ച് സിസിടിവികൾ സ്ഥാപിക്കണം.
കൂടാതെ മാലിന്യം നിക്ഷേപിക്കുന്നതിന് ജലസേചന വകുപ്പിന്റെ നേതൃത്വത്തിലോ സ്പോണ്സർമാർ മുഖേനയോ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണമെന്നും ജൂണ് അഞ്ചിനകം എല്ലാ സർക്കാർ ഓഫീസുകളും ഹരിത ഓഫീസാക്കി മാറ്റുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നും ജില്ലാ കളക്ടർ യോഗത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫണ്ടുപയോഗിച്ച് നിർമിക്കുന്ന വല്ലപ്പുഴയിലെ റോഡ് പ്രവർത്തി മഴയ്ക്ക് മുൻപ് പൂർത്തിയാക്കണമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ ആവശ്യപ്പെട്ടു.
ജില്ലാ ആശുപത്രിയിലെ ആർഡിസി ലാബിന്റെ പ്രവർത്തനം 24 മണിക്കൂറായി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഡ്വ. കെ.ശാന്തകുമാരി എംഎൽഎ എൻഎച്ച്എം അധികൃതരോട് യോഗത്തിൽ പറഞ്ഞു.
പ്രദേശത്തെ ജനങ്ങൾക്ക് ജലലഭ്യത ഉറപ്പാക്കുന്നതിന് പോത്തുണ്ടി ഡാമിന്റെ റൂട്ട് കർവ് ഉയർത്തുന്നതിന് വേണ്ട നടപടി ഉണ്ടാകണമെന്ന് കെ.ബാബു എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പുഴ ഡാമിൽ നിന്ന് വെള്ളമെടുത്ത് വിതരണം നടത്തുന്ന കാഞ്ഞിരപ്പുഴ, കരിന്പ പൈപ്പ് ലൈൻവർക്കുകളുടെയും പാറക്കല്ലിലുള്ള വാട്ടർ ടാങ്ക് ഉയരം കൂട്ടി സ്ഥാപിക്കുന്ന പ്രവർത്തിയുടെയും എസ്റ്റിമേറ്റ് നൽകിയതുമായി ബന്ധപ്പെട്ട സംസ്ഥാനതല സ്ക്രൂട്ടിനി നടന്നുവരികയാണെന്ന് അഡ്വ. കെ.ശാന്തകുമാരി എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വാട്ടർ അഥോറിറ്റി പാലക്കാട് പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ആറ് വാർഡുകളിലെ എസ്ടി വിഭാഗക്കാരായ 30 ഭൂരഹിത കുടുംബങ്ങൾക്ക് ലാൻഡ് ട്രാൻസ്ഫർ ചെയ്യുന്നതിനായി നടന്നുവരുന്ന രജിസ്ട്രേഷൻ സർവെ നടപടികൾ പൂർത്തിയായ ഉടൻ വിതരണം ചെയ്യുമെന്ന് ഡെപ്യൂട്ടി കളക്ടർ (എൽആർ) അറിയിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ്.വിനോദ് ബാബു ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ പെരുമാട്ടി പഞ്ചായത്തിലെ പിഎംജിഎസ് വൈയിൽ ഉൾപ്പെട്ട കന്പാലത്തറ റോഡിന്റെ നിർമാണം ഒരാഴ്ചയ്ക്കകം പൂർത്തായാക്കുമെന്ന് പിഎംജിഎസ് വൈ എക്സിക്യൂട്ടിവ് എൻജിനീയർ യോഗത്തിൽ അറിയിച്ചു.
ഒറ്റപ്പാലം പുഴയോര പാർക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട സർവെ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ നല്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദേശം നല്കി.
ഇതുമായി ബന്ധപ്പെട്ട തർക്കമില്ലാത്ത ഭൂമിയിൽ നിർമാണ പ്രവർത്തി ആരംഭിക്കണമെന്നും തർക്കമുള്ള സ്വകാര്യ ഭൂമിയിൽ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും അഡ്വ.കെ.പ്രേംകുമാർ എംഎൽഎ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നിള ഐപിടി റോഡിലെ മരങ്ങൾ മുറിക്കുന്നതിന് ഇടെൻഡർ ആയതായി കെആർഎഫ്ബിഇഇ അറിയിച്ചു. പ്രസ്തുത റോഡിലെ കുഴികളുടെ പുനഃപ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ പറഞ്ഞു.
യോഗത്തിൽ എംഎൽഎമാരായ കെ.ബാബു, മുഹമ്മദ് മുഹ്സിൻ, അഡ്വ. കെ. ശാന്തകുമാരി, പി.മമ്മിക്കുട്ടി, അഡ്വ.കെ. പ്രേംകുമാർ, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ്.വിനോദ് ബാബു, കെ.ഡി പ്രസേനൻ എംഎൽഎയുടെ പ്രതിനിധി നൂർ മുഹമ്മദ്, രമ്യ ഹരിദാസ് എംപിയുടെ പ്രതിനിധി പി. മാധവൻ, ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ പ്രതിനിധി എസ്.എം.കെ തങ്ങൾ, ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര, എ.ഡി.എം കെ. മണികണ്ഠൻ, ആർ.ഡി.ഒ ഡി. അമൃതവല്ലി, ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നൈനാൻ, ഉദ്യോഗസ്ഥർ പങ്കെടുത്തു.