പ്ലസ്ടു പരീക്ഷയിൽ ഗിരി വികാസിന് തിളക്കമാർന്ന വിജയം
1297679
Saturday, May 27, 2023 1:16 AM IST
പാലക്കാട്: പ്ലസ്ടു പരീക്ഷയിൽ ഗിരി വികാസിന് തിളക്കമാർന്ന വിജയം. പരീക്ഷ എഴുതിയ 50 വിദ്യാർഥികളിൽ 38 പേരും വിജയിച്ചു. മുൻ വർഷങ്ങളിൽ പ്ലസ്ടു പരീക്ഷയിൽ പരാജയപ്പെട്ട പാലക്കാട് ജില്ലയിലെ പട്ടികവർഗ വിഭാഗം കുട്ടികളെ കണ്ടെത്തി തുടർപഠനത്തിന് യോഗ്യരാക്കുന്നതിനായി ഗുരുകുല മാതൃകയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഗിരി വികാസ്.
നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന പട്ടികവർഗ വകുപ്പിന്റെയും സാന്പത്തിക സഹായത്തോടെയാണ് കഴിഞ്ഞ 30 വർഷമായി ഗിരിവികാസ് പ്രോജക്ട് പ്രവർത്തിക്കുന്നത്. കോവിഡ് മൂലം രണ്ട് വർഷം അടഞ്ഞുകിടന്ന ഗിരിവികാസിൽ കഴിഞ്ഞ നവംബറിലാണ് ക്ലാസുകൾ പുന:രാരംഭിച്ചത്. നാല് മാസത്തെ കഠിനപ്രയത്നം കൊണ്ടാണ് ഗിരിവികാസിലെ കുട്ടികൾ മിന്നും വിജയം കരസ്ഥമാക്കിയത്.
അന്നത്തെ ജില്ലാ കളക്ടർ മൃണ്മയി ജോഷിയുടെ പ്രത്യേക താല്പര്യത്തിലാണ് ക്ലാസുകൾ പുനരാരംഭിച്ചത്. പഠനം എന്നതിലുപരി വ്യക്തിത്വ വികസനത്തിനും സാമൂഹികബോധത്തോടെ വളരാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യവും മുൻനിർത്തിയാണ് ഗിരി വികാസിൽ ക്ലാസുകൾ നല്കുന്നത്.
കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിൽ പരാജയപ്പെട്ട കുട്ടികളെ ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ കണ്ടെത്തി അടുത്ത പരീക്ഷയ്ക്ക് തയ്യാറാക്കുന്നതിന് ജൂണിൽ തന്നെ ക്ലാസുകൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് നെഹ്റു യുവകേന്ദ്ര.