വഴിയടഞ്ഞ് ശശിധരന്റെയും കോയുവിന്റെയും കുടുംബം
1297390
Friday, May 26, 2023 12:37 AM IST
ഫ്രാൻസിസ് തയ്യൂർ
മംഗലംഡാം: കാട്ടുപോത്തിൻകൂട്ടം കാട് കയറാത്തതിന്റെ ആധിയിലാണ് കടപ്പാറക്കടുത്ത് കടമപ്പുഴ ചെന്പൻകുന്നിലെ ശശിധരന്റെയും കോയുവിന്റെയും കുടുംബം.
ഇവർക്ക് പുറംലോകം കാണണമെങ്കിൽ കാട്ടുപോത്തുകൾ തന്പടിച്ചിട്ടുള്ള കടമപ്പുഴ എസ്റ്റേറ്റിലെ റബർ തോട്ടങ്ങളിലൂടെ മൂന്നു കിലോമീറ്ററോളം നടക്കണം.
വഴി നീളെ വിജനമാണ്. ഉറക്കെ നിലവിളിച്ചാൽ പോലും ആരും കേൾക്കാനില്ല. ഏറെ പതിറ്റാണ്ടുകളായുള്ള ഇവിടുത്തെ താമസക്കാരാണ് ഇവർ. കടപ്പാറ റോഡിൽ നിന്നും റബർ തോട്ടത്തിലൂടെയുള്ള കാൽനട യാത്ര മാത്രമാണ് വീട്ടിലേക്കുള്ള മാർഗം.
വന്യമൃഗങ്ങളുടെ കണ്ണുവെട്ടിച്ചു പോകാൻ വേറെ വഴികളില്ല. നടന്നു വരുന്പോൾ ഏതെങ്കിലും വന്യമൃഗം മുന്നിൽപ്പെട്ടാൽ പിന്നെ എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി പറയാനുമാകില്ലെന്ന് ശശിധരന്റെ ഭാര്യ ഷീലയും കോയുവിന്റെ മകൾ അനിതയും പറയുന്നു.
ആനകളെ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും കാട്ടുപോത്തിനെ പ്രദേശത്ത് കാണുന്നത് ആദ്യമാണെന്ന് ഇവർ പറഞ്ഞു.
സ്കൂളുകൾ തുറക്കുന്ന ദിവസം അടുത്തെത്തുന്പോൾ അനിതക്കാണ് പേടി കൂടുന്നത്. അനിതക്ക് രണ്ട് പെണ്മക്കളാണ്. ഇളയവൾ ഏഴിലും മൂത്തവൾ പ്ലസ്ടുവിനുമാണ് പഠിക്കുന്നത്.
ഇവർക്ക് ഈ റബർ തോട്ടങ്ങളിലൂടെ നടന്നുവേണം കടപ്പാറ റോഡിലെത്തി ബസ് കയറി മംഗലംഡാമിലെ സ്കൂളിലെത്താൻ. ഇവർ തനിച്ചാണ് ഇതുവഴി വന്നിരുന്നത്. എന്നാൽ കാട്ടുപോത്തിന്റെ ആക്രമണ വാർത്തകൾ അനിതയെ ഏറെ ഭയപ്പെടുത്തുന്നുണ്ട്.
ഇപ്പോൾ തന്നെ മക്കളെ തനിച്ചുവിടാൻ ഈ അമ്മക്ക് ഭയമാണ്. അതിനാൽ എല്ലാറ്റിനും അനിത തന്നെ ഓടണം. വനത്തിനകത്ത് കിടക്കുന്ന ചെന്പൻക്കുന്ന് പ്രദേശത്ത് നേരത്തെ ഇരുപതോളം വീടുകൾ ഉണ്ടായിരുന്നു.
ഓരോ വർഷവും വന്യ മൃഗശല്യം ഏറി വന്നതോടെ താമസക്കാരെല്ലാം കിട്ടിയ വിലക്ക് വീടും സ്ഥലവും വിറ്റ് താഴെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി.
ഇനി ശേഷിക്കുന്ന രണ്ടു കുടുംബത്തിലെ അംഗങ്ങളാണ് ഇവർ. വാഹനം എത്തുന്ന വഴിയില്ല. വേനലിൽ കുടിവെള്ളമില്ല. രാത്രി എന്തെങ്കിലും അത്യാവശ്യത്തിന് വീട്ടിൽ നിന്നും പുറത്ത് പോകേണ്ടി വന്നാൽ പിന്നെ ആധിയുടെ ആഘാതം കൂട്ടുമെന്നാണ് ഇവർ അനുഭവങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.