ആവേശമായി ക്രോസ് കണ്ട്രി സൈക്ലിംഗ് റാലി കം റേസ്
1282007
Wednesday, March 29, 2023 12:40 AM IST
വണ്ടിത്താവളം: ആരോഗ്യം, ആഗോളതാപനം സൈക്കിളാണ് ഒറ്റമൂലി എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി എൻഎആർഡിസി ക്രോസ് കണ്ട്രി സൈക്ലിംഗ് റാലി കം റേസ് എഡിഷൻ ടു സംഘടിപ്പിച്ചു.
പാലക്കാട് അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠൻ സൈക്ലിംഗ് റേസിന്റെ ഫ്ലാഗ് ഓഫ് ചെയ്തു.
പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസൻ സമ്മാനദാനം നിർവഹിച്ചു. റിട്ട.അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ടി.വിജയൻ പട്ടഞ്ചേരി പഞ്ചായത്തംഗം കണ്ടമുത്തൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. നന്ദിയോട് അദ്വൈത ആശ്രമത്തിൽ നിന്നാരംഭിച്ച് കന്നിമാരി, പ്ലാച്ചിമട, മീനാക്ഷിപുരം റെയിൽവേ ഗേറ്റിലെത്തി തിരിഞ്ഞു ഗോവിന്ദാപുരം, പുതൂർ വഴി പാപ്പാൻചള്ളയിൽ നിന്നും മുതലമട പരിസരത്തിലൂടെ നന്ദിയോട്ടിൽ തിരിച്ചെത്തി.
28 കിലോമീറ്റർ ദൂരമുള്ള ക്രോസ് കണ്ട്രി സൈക്ലിംഗ് മത്സരത്തിൽ പങ്കെടുത്ത സൈക്ലിങ് അത്ലറ്റുകളിൽ ഒന്നാം സ്ഥാനം തൃശൂർ ജില്ലയിൽ നിന്ന് പങ്കെടുത്ത എം.ബി. സുദേവിനും രണ്ടാം സ്ഥാനം മധുരയിൽ നിന്നെത്തിയ മഹേശ്വരനും മൂന്നാം സ്ഥാനം തെങ്കാശിയിലെ അബ്രഹാമിനുമാണ്.
വിജയികൾക്ക് മെമന്റോയും മെഡലുകളും ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സ്ഥാനം 6000 രൂപയും മൂന്നാം സ്ഥാനം 3000 രൂപയുമാണ് നല്കി.
സ്ത്രീ മത്സരാർത്ഥികളിൽ ഒന്നാമതെത്തിയ ഷീബക്കും കുട്ടി ബഡിംഗ് അത്്ലറ്റ് ഈറോഡിൽ നിന്നെത്തിയ അഖിലനും ചെന്നൈയിലെ തമീം അൻസാരിക്കും പ്രോത്സാഹന സമ്മാനങ്ങൾ നല്കി.
എൻഎആർഡിസി നന്ദിയോട്, ചിറ്റൂർ പ്രതികരണവേദി, പാലക്കാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ, ഇന്ത്യൻ ആർമി എഡ്യൂക്കേഷൻ കോർപസ് ’67, വിജയമാതാ കോണ്വെന്റ് സ്കൂൾ ’82, കെകഐം എച്ച്എസ് 8485 എന്നീ സംഘടനകളാണ് പരിപാടിയ്ക്ക് നേതൃത്വം നല്കിയത്.