വടക്കഞ്ചേരി കൊടിക്കാട്ടുകാവ് വേല ഇന്ന്
1281184
Sunday, March 26, 2023 6:49 AM IST
വടക്കഞ്ചേരി : കൊടിക്കാട്ടുകാവ് കാർത്തിക തിരുനാൾ ആറാട്ട് വേല ഇന്ന് ആഘോഷിക്കും. കാലത്ത് ഗണപതി ഹോമത്തിനുശേഷം അഭിഷേകം, മലർനിവേദ്യം, നവകം, പഞ്ചഗവ്യം എന്നിവ നടക്കും. ഈടുവെടിക്ക് ഭഗവതിയുടെ വാളും ചിലന്പും ഭസ്മപ്പെട്ടിയും പട്ടും മന്ദംതറയിലേക്ക് എഴുന്നള്ളിക്കും. ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്തിനുശേഷം 12.30ന് എൻഎസ്എസ് കരയോഗം മന്ദിരത്തിൽ പ്രസാദ ഉൗട്ട് ആരംഭിക്കും. വൈകീട്ട് 3.30ന് കാഴ്ചശീവേലിക്കുള്ള ആനകൾ പുഴയ്ക്കലിടം തറവാട്ടിലുള്ള ശ്രീദേവി ഹനുമാൻ ക്ഷേത്രത്തിൽവന്ന് നെറ്റിപ്പട്ടംകെട്ടി കിഴക്കഞ്ചേരി റോഡിലുള്ള കോട്ടപറന്പ്, കുന്നിശേരിവഴി ക്ഷേത്രത്തിലെത്തും.
വൈകീട്ട് മൂന്നിന് ക്ഷേത്രത്തിൽ കേളി, പറ്റ്. തുടർന്ന് ഭഗവതിയുടെ കോലംകയറ്റി എഴുന്നള്ളിപ്പ് തുടങ്ങും. നായർത്തറ, മേലേമന്ദം, അങ്ങാടി, മന്ദംവഴി ഭഗവതിയാൽവരെ പഞ്ചവാദ്യവുമായി എഴുന്നള്ളിക്കും. കമ്മാന്തറ ദേശത്തിന്റെ കുതിരവരവ്, കുന്നേങ്കാട് ദേശം, കവറത്തറ യുവജനസംഘം, മാണിക്ക്യപ്പാടം ദേശം, പള്ളിക്കാട് ദേശം എന്നിവിടങ്ങളിൽനിന്നുള്ള വിവിധ പരിപാടികൾ എഴുന്നള്ളത്തിനൊപ്പം എത്തും.
വൈകീട്ട് ഏഴിന് മന്ദമൈതാനത്ത് പഞ്ചവാദ്യം സമാപനത്തിനുശേഷം പാണ്ടിമേളത്തിന്റെ അകന്പടിയോടെ ഭഗവതി ആലിലേക്ക് എഴുന്നള്ളത്ത് ആരംഭിക്കും. മന്ദത്ത് ഇറക്കിപൂജ, കളംപാട്ട് എന്നിവയ്ക്കുശേഷം താലപ്പൊലിയുടെ അകന്പടിയോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത് നടക്കും. ക്ഷേത്ര ഉത്സവ ചടങ്ങുകൾക്ക് തന്ത്രി തരണനല്ലൂർ സതീശൻ നന്പൂതിരിപ്പാട് മുഖ്യ കാർമ്മികനാകും.