പാലക്കാട് നഗരത്തിൽ മാലിന്യ കൂന്പാരത്തിന് തീപിടിച്ചു
1264990
Sunday, February 5, 2023 12:25 AM IST
പാലക്കാട്: കോഴിക്കോട് ദേശീയപാതയിൽ പെട്രോൾ പന്പ്, അങ്കണവാടി, കെഎസ്ഇബി സ്റ്റേഷൻ, ഹരിത കർമ്മ സേന, മാലിന്യ സോർട്ടിംഗ് ഹബ് എന്നിവയുടെ പരിസരത്തെ മാലിന്യങ്ങൾക്കും ഉണങ്ങിയ ചപ്പുചവറുകൾക്കും തീപിടിച്ചത് പരിഭ്രാന്തി പരത്തി. ദേശീയപാതയിൽ പുക നിറഞ്ഞതോടെ വാഹനങ്ങൾ ഹോണ്‍ മുഴക്കിയും ലൈറ്റിട്ടുമാണ് കടന്നു പോയത്. പുക ശ്വസിച്ച് അങ്കണവാടിയിലെ പിഞ്ചു കുഞ്ഞുങ്ങൾക്കും ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. അങ്കണവാടിയിലെ വാതിലും ജനലകളും അടച്ച് പുകയിൽ നിന്നും രക്ഷ നേടാൻ ശ്രമിച്ചിരുന്നു. നാട്ടുകാരും നഗരസഭ ഹരിത കർമ്മ സേനാംഗങ്ങളും പരിസരത്തെ തോട്ടിൽ നിന്നും കുടങ്ങളിലും ബക്കറ്റുകളിലും വെള്ളം മുക്കി ഒഴിച്ച് അങ്കണവാടിയ്ക്കു സമീപത്തെ ചപ്പുചവറുകൾക്ക് തീപിടിക്കാതിരിക്കാൻ ശ്രദ്ധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചു.