മുഖ്യമന്ത്രിയെയും വന്യമൃഗങ്ങളെയും കർഷകർക്കു ഭയം: എം.എം. ഹസൻ
1480854
Thursday, November 21, 2024 7:32 AM IST
ചെറുതോണി: മുഖ്യമന്ത്രിയെയും വന്യമൃഗങ്ങളെയും ഒരുപോലെ ഭയപ്പെടേണ്ട അവസ്ഥയിലാണ് ഇടുക്കിയിലെ കർഷകരെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ. ഗ്രീൻലാന്‍ഡ് തിയറ്ററിൽ എൽഡിഎഫിനെതിരേയുള്ള യുഡിഎഫ് സമരപ്രഖ്യാപന കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ്അധികാരത്തിലിരുന്ന എട്ടുവർഷം ജില്ലയിലെ ഭൂവിഷയങ്ങൾ സങ്കീർണമാക്കുന്ന നടപടികളാണ് സർക്കാർ നടത്തിയത്. എന്തിനും ഏതിനും കോടതിയെ കുറ്റം പറയുന്പോൾ കർഷകർക്കെതിരായ ഉത്തരവുകൾ കോടതികളിൽനിന്നു തുടർച്ചയായി ഉണ്ടാകുകയാണ്. ഖജനാവിലെ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് സർക്കാർ നിയോഗിച്ച അഭിഭാഷകർ എന്തു ചെയ്യുകയായിരുന്നെന്ന് വ്യക്തമാക്കണം. 64 റൂൾ പ്രകാരമുള്ള പട്ടയ നടപടികൾ കോടതി തടഞ്ഞതും സിഎച്ച്ആറിന്റെ പേരുപറഞ്ഞ് ലക്ഷക്കണക്കിന് ഏക്കർ ഭൂമിയുടെ പട്ടയ നടപടികൾ നിർത്തിവയ്ക്കുന്നതിനു കോടതി ഉത്തരവിട്ടതും സർക്കാരിന്റെ തികഞ്ഞ അലംഭാവം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കണ്‍വീനർ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. പ്രഫ.എം.ജെ.ജേക്കബ്, എസ്.അശോകൻ, കെ. എം.എ. ഷുക്കൂർ, ഇ.എം. ആഗസ്തി, ജോയി തോമസ്, റോയി കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, സെബാസ്റ്റ്യൻ എസ.് വിളക്കുന്നേൽ, കെ.എ. കുര്യൻ, രാജു മുണ്ടക്കാട്ട്, സാബു മുതിരംകാല തുടങ്ങിയവർ പ്രസംഗിച്ചു.