പഞ്ചായത്ത്, നഗരസഭാ വാര്‍ഡ് വിഭജനം: കരട് വിജ്ഞാപനമായി
1480649
Wednesday, November 20, 2024 7:31 AM IST
ഇടുക്കി: ജില്ലയിലെ പഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങളിലെ വാര്‍ഡുകള്‍ പുനര്‍വിഭജിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. നിര്‍ദിഷ്ട വാര്‍ഡിന്റെ അതിര്‍ത്തികളും ജനസംഖ്യയും ഭൂപടവുമാണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്.
അതത് തദ്ദേശസ്ഥാപനങ്ങളിലും കളക്ടറേറ്റിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും www.delimitation.Isgkerala.gov. in എന്ന വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭ്യമാണ്.
മാപ്പുകള്‍ പൊതുജനങ്ങള്‍ക്ക് കാണാനും പ്രിന്റെടുക്കാനും എച്ച്ടിഎംഎല്‍ ഫോര്‍മാറ്റിലാണ് വെബ്സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്നത്. അംഗീകാരമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മൂന്ന് പകര്‍പ്പുകള്‍ സൗജന്യമായി ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറി നല്‍കും. പകര്‍പ്പ് ആവശ്യമുള്ള മറ്റുള്ളവര്‍ക്ക് പേജ് ഒന്നിന് മൂന്ന് രൂപയും ജിഎസ്ടിയും ഈടാക്കി നല്‍കും.
ഡിസംബര്‍ മൂന്നുവരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും നല്‍കാം. ഡിലിമിറ്റേഷന്‍ കമ്മീഷന് സെക്രട്ടറിക്കോ ജില്ലാ കളക്ടര്‍ക്ക് നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലോ ആക്ഷേപങ്ങള്‍ നല്‍കാം. ഡിലിമിറ്റേഷന്‍ കമ്മീഷന് ഫോണ്‍ നന്പർ: 0471 2335030.
ആക്ഷേപങ്ങള്‍ക്കൊപ്പം ഏതെങ്കിലും രേഖകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കണം. ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജില്ലാ കളക്ടര്‍ മുഖേന അന്വേഷണം നടത്തി ഡിലിമിറ്റേഷന്‍ കമ്മീഷന് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ പരാതിക്കാരില്‍നിന്നു നേരിട്ട് വിവരശേഖരണം നടത്തും. ആവശ്യമെങ്കില്‍ പരാതിക്കാരെ നേരില്‍കേട്ട് പരാതികള്‍ തീര്‍പ്പാക്കും. അതിനുശേഷം ആദ്യഘട്ട വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. സ്ത്രീകള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുമുള്ള സംവരണ വാര്‍ഡുകളുടെ എണ്ണവും പുതുക്കി നിശ്ചയിച്ചു.
ജില്ലയില്‍ കൂടിയത് 45 വാര്‍ഡുകള്‍
തൊടുപുഴ: സംസ്ഥാനത്തെ വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം പുറത്തുവന്നപ്പോള്‍ ജില്ലയില്‍ 45 വാര്‍ഡുകള്‍ വര്‍ധിച്ചു. 52 പഞ്ചായത്തുകളില്‍ 39ലും വാര്‍ഡുകളുടെ എണ്ണം വര്‍ധിച്ചു. മൂന്ന് പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡ് വീതം കുറഞ്ഞു. ഇതോടെ 792 വാര്‍ഡുകൾ 834 ആയി വര്‍ധിച്ചു. പത്ത് പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ എണ്ണത്തില്‍ മാറ്റമില്ല. 34 പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡ് വീതവും നാല് പഞ്ചായത്തുകളില്‍ രണ്ട് വാര്‍ഡ് വീതവും ഒരു പഞ്ചായത്തില്‍ മൂന്നു വാര്‍ഡും കൂടി. മൂന്ന് പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡ് വീതം കുറഞ്ഞു. മൂന്നാര്‍, ദേവികുളം, പീരുമേട് പഞ്ചായത്തുകളിലാണ് ഓരോ വാര്‍ഡു വീതം കുറഞ്ഞത്.
കൊന്നത്തടി, പള്ളിവാസല്‍, പാമ്പാടുംപാറ, ഉടുമ്പന്‍ചോല, കഞ്ഞിക്കുഴി, അറക്കുളം, കാമാക്ഷി, ഉപ്പുതറ, പെരുവന്താനം, ഏലപ്പാറ പഞ്ചായത്തുകളിലാണ് വര്‍ധനവില്ലാത്തത്. അടിമാലി പഞ്ചായത്തില്‍ മൂന്നും നെടുങ്കണ്ടം, വണ്ണപ്പുറം, വണ്ടന്മേട്, കുമളി പഞ്ചായത്തുകളില്‍ രണ്ടു വീതവും വാര്‍ഡ് വര്‍ധിച്ചിട്ടുണ്ട്. പുതിയ വിജ്ഞാപനത്തോടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാര്‍ഡുകളുള്ള പഞ്ചായത്തുകള്‍ 24 വാര്‍ഡുകള്‍ വീതമുള്ള അടിമാലി, വണ്ടിപ്പെരിയാര്‍, നെടുങ്കണ്ടം എന്നിവയാണ്.
രണ്ട് നഗരസഭകളിലായി നാല് വാര്‍ഡുകളും വര്‍ധിച്ചിട്ടുണ്ട്. കട്ടപ്പന നഗരസഭയില്‍ ഒരു വാര്‍ഡ് വര്‍ധിച്ച് 35 ആയി. തൊടുപുഴയില്‍ 35 വാര്‍ഡുകളില്‍നിന്ന് മൂന്ന് വാര്‍ഡുകള്‍ വര്‍ധിച്ച് 38 ആയി.
ജില്ലാ പഞ്ചായത്തിലും ഒരു വാര്‍ഡ് വര്‍ധിച്ചിട്ടുണ്ട്. ഇതോടെ വാര്‍ഡുകളുടെ എണ്ണം 17 ആയി. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെ എട്ട് വാര്‍ഡ് വര്‍ധിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 104ല്‍നിന്ന് 112 ആയി ഉയരും.
മൂന്ന് ഘട്ടങ്ങളിലായാണ് പുനര്‍വിഭജനപ്രക്രിയ നടക്കുന്നത്. 2011ലെ സെന്‍സസിലെ ജനസംഖ്യ അടിസ്ഥാനമാക്കിയാണ് തദ്ദേശ സ്ഥാപനങ്ങളില്‍ എത്ര വാര്‍ഡുകള്‍ അധികം വരുമെന്ന് കണക്കാക്കിയത്.