അന്തർസംസ്ഥാന ചന്ദനമോഷണം: അഞ്ചുപേർകൂടി പിടിയിൽ
1480315
Tuesday, November 19, 2024 7:28 AM IST
നെടുങ്കണ്ടം: അന്തർസംസ്ഥാന ചന്ദനമോഷണ സംഘത്തിലെ അഞ്ച് പേർകൂടി വനം വകുപ്പിന്റെ പിടിയിൽ.
സന്യാസിയോടയിലെ ചന്ദനമോഷണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സന്യാസിയോട സ്വദേശികളായ ചെരുവിളപുത്തൻവീട് ബിജു അജികുമാർ, എസ്. ഷിബു, തൂക്കുപാലം ബ്ലോക്ക് നമ്പർ 484ൽ സച്ചു ബാബു എന്നിവരെ തിങ്കളാഴ്ച രാവിലെയോടെ പിടികൂടി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ അങ്കിൾ എന്ന് അറിയപ്പെടുന്ന ചോറ്റുപാറ കളത്തിൽ ബാബു ജോസഫ്, രാമക്കൽമേട് തെള്ളിയിൽ ഹസൻ കുഞ്ഞ് എന്നിവരുമാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും 55 കിലോ ചന്ദന കാതലും ചന്ദനം കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു.
പ്രതികളിലൊരാളായ എസ്.ഷിബുവിന്റെ വീടിനു പിന്നിൽ ചന്ദനമരം ചെത്തി മിനുക്കുന്നതിനിടെ 45 കിലോ ചന്ദനത്തടിയും ആയുധങ്ങളുമായി ഉടുമ്പന്നൂർ സ്വദേശി ചെരുവുപറമ്പിൽ സുനീഷ് ചെറിയാൻ (36) മുൻപ് പിടിയിലായിരുന്നു. ഇതിനിടെയിൽ ഓടി രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതോടെയാണ് വൻ മോഷണ സംഘം വനപാലകരുടെ പിടിയിലായത്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
സംഘത്തിലെ പ്രധാനി ലഗീരൻ എന്ന് വിളിക്കുന്ന കണ്ണൻ അയൽ സംസ്ഥാനത്തേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ട്. കുമളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ. അനില്‍കുമാറിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജോജി എം. ജേക്കബ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ് ദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എസ്. നിഷാദ്, അനിലാൽ, ഇ.എസ്. ഷൈജു, ജോബിൻ, കൃഷ്ണ, അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.