മുല്ലക്കാനത്ത് കർഷകയോഗം നടത്തി
1480839
Thursday, November 21, 2024 7:32 AM IST
രാജാക്കാട്: മുല്ലക്കാനത്ത് മലയോര അവകാശ വേദിയുടെ നേതൃത്വത്തിൽ കർഷക യോഗം നടത്തി.1822 ലെ രാജവിളംബര പ്രകാരം ഏലം കൃഷിക്കായി ഇടുക്കിയിൽ എത്തിയ കർഷകരെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്ന കപട പരിസ്ഥിതി വാദികൾ സത്യം തിരിച്ചറിഞ്ഞ് കൃഷിക്കാരെ ഉപദ്രവിക്കുന്നതിൽനിന്നു പിൻമാറണമെന്നും 1897 ലെ രാജവിളംബര പ്രകാരം 15,719 ഏക്കർ സ്ഥലം മാത്രമാണ് വനഭൂമിയുള്ളതെന്നും ബാക്കിയുള്ള സിഎച്ച്ആർ പ്രദേശത്തിനു മൊത്തം അവകാശ വാദമുന്നയിക്കുന്ന വനം വകുപ്പ് നിലപാട് തിരുത്തണമെന്നും 2023ലെ വന സംരക്ഷണ ഭേദഗതി നാലാം വകുപ്പ് പ്രകാരം 1980 ലെ വന സംരക്ഷണ നിയമത്തിൽ കൂട്ടിച്ചേർത്ത 1 A വകുപ്പ് പ്രകാരമുള്ള വന നിർവചന പ്രകാരം1996 ഡിസംബർ 12നു മുമ്പ് രാജവിളംബംര പ്രകാരവും 1956ലെ സംസ്ഥാന പുനഃസംഘടനാ നിയമം 119 -ാം വകുപ്പിന്റെ കൂട്ടിവായന പ്രകാരവും കർഷകർക്ക് അവകാശം സിദ്ധിച്ചിട്ടുളള കൃഷി ഭൂമിയിൽ അവകാശം നിലനിർത്തി പട്ടയം ലഭിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര എംപവേർഡ് കമ്മിറ്റിക്കും സംസ്ഥാന എക്സ്പേർട്ട് കമ്മിറ്റിക്കും 2023 ലെ വന സംരക്ഷണ നിയമ പ്രകാരം കർഷകർക്ക് സംരക്ഷണം ആവശ്യപ്പെട്ട് പരാതികൾ നൽകാനും യോഗം തീരുമാനിച്ചു.
പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ബേബി മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ബെന്നി പാലക്കാട്ട് സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ സിബി കൊച്ചുവളളാട്ട്, കൺവീനർമാരായ ജയിംസ് തെങ്ങുംകുടി, ജോബി പടിഞ്ഞാറേക്കുറ്റ് എന്നിവർ പ്രസംഗിച്ചു.
തങ്കച്ചൻ വെട്ടുകല്ലേൽ ചെയർമാനായും ബേബി ചക്കാങ്കൽ കൺവീനറായും ജോയി കാരക്കാട്ടിൽ ട്രഷററായും മുല്ലക്കാനം മേഖലാ കമ്മറ്റിയെ തെരഞ്ഞെടുത്തു.