ഗുണനിലവാരമില്ലാത്ത മത്സ്യ-മാംസ വ്യാപാരം കുമളിയിൽ വ്യാപകമാകുന്നു
1480635
Wednesday, November 20, 2024 7:31 AM IST
കുമളി: ഗുണനിലവാരമില്ലാത്ത മാംസ-മത്സ്യങ്ങളുടെ വ്യാപാരം കുമളിയിലും സമീപപ്രദേശങ്ങളിലും വ്യാപകമാകുന്നു. അമിതമായി കെമിക്കല്‍ ഉപയോഗിച്ചുള്ള മത്സ്യവില്പന കുമളിയിൽ വ്യാപകമാണെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്.
കുമളിയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന വില്പനശാലകൾക്കും കച്ചടവടം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. നാട്ടുകാർ സംശയത്തോടെയാണ് ഈ സ്ഥാപനങ്ങളെയും നോക്കിക്കാണുന്നത്.
കശാപ്പുശാലകളിലും മീന്‍കച്ചവട സ്ഥാപനങ്ങളിലും ആരോഗ്യവകുപ്പിന്റെ പരിശോധന നാമമാത്രമാണ്. അതും പരാതിയുണ്ടെങ്കില്‍ മാത്രം. മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതു വൃത്തിഹീനമായ സ്ഥലത്തു പ്രാകൃതമായ രീതിയിലാണ്. കശാപ്പിനെത്തിക്കുന്ന മൃഗങ്ങള്‍ക്കു പേവിഷബാധ അടക്കമുള്ള രോഗ പരിശോധനകളുമില്ല.
കഴിഞ്ഞ ദിവസം കുമളി ഒന്നാംമൈലിലെ ഒരു മീന്കടയില്നിന്ന് അട്ടപ്പള്ളം സ്വദേശിക്കു ലഭിച്ചത് അഴുകിയ അയലയാണ്. പത്ത് അയല വാങ്ങി വീട്ടിലെത്തി നോക്കിയപ്പോള്‍ ഭൂരിഭാ ഗവും അഴുകാന്‍ തുടങ്ങിയതാണ്. ആരോഗ്യ വകുപ്പധികൃതര്‍ പരാതി ലഭിച്ചു കടയില്‍ പരിശോധന നടത്തിയതിന്റെ അനന്തര നടപടി വ്യക്തമല്ല. പിഴ ഈടാക്കി പ്രശ്നം ഒതുക്കുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കടയില്‍ പരാതിക്കാരന്റെ പരിഭവവും ഉദ്യോഗസ്ഥന്റെ പരിശോധനയും നടക്കുമ്പോഴും കടയില്‍ കച്ചവടം ഒരു വശത്ത് തകൃതിയായി നടക്കുന്നുമുണ്ടായിരുന്നു.
പരിശോധനാസമയത്തുപോലും കച്ചവടം തത്കാലത്തേക്കെങ്കിലും നിര്‍ത്തിവയ്ക്കാന്‍ കടയുടമയോ ഉദ്യോഗസ്ഥരോ തയാറായില്ല. പരാതിക്കാരനു കടയില്‍നിന്ന് വെട്ടി നൽകിയ മീനിന്റെ ചെകിളയും തലയും ഇല്ലാത്തതിനാല്‍ പരിശോധന സാധ്യമല്ലെന്നും ഇതു നോക്കിയാണ് തങ്ങളുടെ പരിശോധനയെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇവിടെ മാലിന്യ നിര്‍മാര്‍ജന സംവിധാനം ഇല്ലെന്നും ദുര്‍ഗന്ധം അസഹനീയമാണെന്നും സമീപത്തുള്ള വ്യാപാരികള്‍ ഉദ്യോഗസ്ഥരോട് പരാതി
പ്പെട്ടു.