യുഡിഎഫ് സമരപ്രഖ്യാപന കണ്വൻഷൻ ചെറുതോണിയിൽ
1480317
Tuesday, November 19, 2024 7:28 AM IST
തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ഭൂനിയമങ്ങൾക്കെതിരേ യുഡിഎഫിന്റെ നേതൃത്വത്തിൽ നാളെ ചെറുതോണി ഗ്രീൻലാന്‍ഡ് തിയറ്ററിൽ സമരപ്രഖ്യാപന കണ്വൻഷൻ നടത്തുമെന്ന് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കണ്‍വീനർ പ്രഫ. എം.ജെ. ജേക്കബ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
സിഎച്ച്ആർ മേഖലയെ വനഭൂമിയുടെ പരിധിയിൽ നിന്നൊഴിവാക്കുന്നതിന് സംസ്ഥാന സർക്കാർ യാതൊന്നും ചെയ്തില്ല. 2018-ലെ വനംവകുപ്പ് റിപ്പോർട്ട്, 2022-ലെ സർക്കാർ തീരുമാനം, 2024-ലെ നിയമസഭ റിപ്പോർട്ട് എന്നിവയെല്ലാം സിഎച്ച്ആർ വനഭൂമിയാണെന്ന് സർക്കാർ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വിധിയുണ്ടായത്. ഈ രേഖകൾ അമിക്കസ് ക്യൂറി കോടതിയിൽ ഹാജരാക്കിയപ്പോൾ സർക്കാർ അഭിഭാഷകൻ എതിർത്തില്ല.
ഇതു സംബന്ധിച്ച് യഥാർഥ സ്ഥിതി കോടതിയെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ കർഷകർക്ക് പ്രതികൂല വിധിയായിരിക്കും സുപ്രീംകോടതിയിൽനിന്ന് ഉണ്ടാകുക.
കഴിഞ്ഞ എട്ടുവർഷമായി കുത്തകപ്പാട്ടം പുതുക്കി നൽകാത്തതിന്റെ കാരണം സർക്കാർ വ്യക്തമാക്കണം. ഭൂ പതിവ് ഭേദഗതിയിലൂടെ ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കം ഉപേക്ഷിക്കണം.
കുടയത്തൂർ, ചെങ്ങളം, ചിന്നക്കനാൽ, ആനയിറങ്കൽ, കുമളി വില്ലേജുകളിലെ റവന്യു ഭൂമി വനഭൂമിയാക്കിയ ഉത്തരവ് സർക്കാർ റദ്ദാക്കണം.
പത്തുചെയിനിലെ കർഷകർക്ക് പട്ടയം നൽകണമെന്നും മൂന്നാർ മേഖലയിൽ സർക്കാർ, കളക്ടർ, സബ് കളക്ടർഎന്നിവരുടെ ഉത്തരവിലൂടെ ഏർപ്പെടുത്തിയ അശാസ്ത്രീയ നിയന്ത്രണം പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കണ്വൻഷൻ യുഡിഎഫ് കണ്‍വീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ഡീൻ കുര്യാക്കോസ് എംപി, ടി.എം. സലിം, സി.പി. മാത്യു, എസ്. അശോകൻ, സുരേഷ്ബാബു എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ എൻ.ഐ. ബെന്നി, ടി.എസ്. ഷംസുദീൻ എന്നിവർ പങ്കെടുത്തു.