ഉപജില്ലാ സ്കൂള്‍ കലോത്സവങ്ങൾക്ക് തിരിതെളിഞ്ഞു
1480648
Wednesday, November 20, 2024 7:31 AM IST
തൊടുപുഴ ഉപജില്ല
തൊടുപുഴ: ഉപജില്ലാ കലാമേളയ്ക്ക് കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. പി.ജെ. ജോസഫ് എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു. 350 ഇനങ്ങളിലായി ആറായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും. നാലു ദിവസങ്ങളിലായി 12 സ്റ്റേജുകളിലാണ് മത്സരം. സ്കൂള്‍ മാനേജര്‍ റവ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍ അധ്യക്ഷത വഹിച്ചു. കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി മുഖ്യപ്രഭാഷണം നടത്തി. കലോത്സവ ലോഗോയുടെ പ്രകാശനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി നിര്‍വഹിച്ചു. ബിജി ജോമോന്, ആന്‍സി സിറിയക്, കെ. ബിന്ദു, ബിജോയ് മാത്യു, സജി മാത്യു, ദീപുജോസ് എന്നിവര്‍ പ്രസംഗിച്ചു.
നെടുങ്കണ്ടം ഉപജില്ല
നെടുങ്കണ്ടം: നെടുങ്കണ്ടം ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂളില്‍ തുടക്കമായി. നൂപുര ധ്വനികള്‍ എന്നു പേര് നല്കിയ കലോത്സവത്തില്‍ എട്ട് പഞ്ചായത്തുകളിലെ 52 സ്കൂളുകളില്‍ നിന്നായി 3,250 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. എല്‍പി, യുപി, ഹൈ സ്കൂള്‍, ഹയര്‍ സെക്കൻഡറി എന്നീ വിഭാഗങ്ങളിലായി 93 ഇനങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായി പത്തു വേദികളാണ് ക്രമീകരിച്ചിട്ടുള്ളത്. ജനറല്‍ കലോത്സവത്തിന് പുറമേ അറബിക്, സംസ്കൃതം, തമിഴ് കലോത്സവങ്ങളും നടക്കും. ആദ്യദിനം രചനാമത്സരങ്ങളും ചെണ്ട, തായമ്പക മത്സരങ്ങളുമാണ് നടന്നത്.
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളില്‍ നടന്ന യോഗത്തില്‍ കലോത്സവത്തിന്റെ ഉദ്ഘാടനം എം.എം. മണി എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചന്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി റവ. ഡോ. ജോര്‍ജ് തകിടിയേല്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ജിജി കെ. ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി എസ്. ലാല്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. സുരേഷ്കുമാര്‍, ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പൽ ഫാ. ജോണ്‍ ചേനംചിറയില്‍, സ്കൂള്‍ അസി. മാനേജര്‍ ഫാ. മെല്‍ഫിന്‍ കരിവേലിക്കല്, സ്കൂള്‍ ഹെഡ്മാസ്റ്റര് ജിന്‍സ് ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തന മികവിന് അവാര്‍ഡുകള്‍ നേടിയ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. സുരേഷ്കുമാര്‍, കോമ്പയാര്‍ സെന്റ് തോമസ് സ്കൂള്‍ ഹെഡ്മാസ്റ്റര് ബിജു ജോര്‍ജ് എന്നിവരെ ആദരിച്ചു.
ഇന്ന് നൃത്ത ഇനങ്ങള്‍, ലളിതഗാനം, ശാസ്ത്രീയസംഗീതം, പ്രസംഗം, മോണോആക്ട്, മിമിക്രി, മാര്‍ഗംകളി, പരിചമുട്ട്, ചവിട്ടുനാടകം തുടങ്ങിയ മത്സരങ്ങള്‍ നടക്കും. കലോത്സവം നാളെ സമാപിക്കും.
അടിമാലി ഉപജില്ല
അടിമാലി: അടിമാലി ഉപജില്ലാ സ്കൂള്‍ കലോത്സവത്തിനു തിരിതെളിഞ്ഞു. അടിമാലി സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാന വേദിയായിട്ടാണ് കലോത്സവം ക്രമീകരിച്ചിട്ടുള്ളത്. കലോത്സവത്തിന്റെ ആദ്യ ദിനമായ ഇന്നലെ രചനാമത്സരങ്ങളും സംസ്കൃതം, അറബിക് കലോത്സവങ്ങളും നടന്നു.
രണ്ടാം ദിനമായ ഇന്ന് വൈകുന്നേരം കലോത്സവത്തിന്റെ ഉദ്ഘാടനം എ. രാജ എംഎല്‍എ നിര്‍വഹിക്കും.
മൂന്നു ദിവസങ്ങളിലായി 79 സ്കൂളുകളില്‍ നിന്നുള്ള 3500ഓളം മത്സരാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. എട്ടു വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കലോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്യും.