പന്പിലെ അതിക്രമം: സിഐ ഭീഷണിപ്പെടുത്തിയെന്ന് എസ്പിക്ക് പരാതി
1480838
Thursday, November 21, 2024 7:32 AM IST
തൊടുപുഴ: മങ്ങാട്ടുകവലയിലെ പെട്രോൾ പന്പിലുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ പന്പ് നടത്തിപ്പുകാരനോട് സിഐ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.
പന്പ് നടത്തിപ്പുകാരൻ പുത്തൻപുരയിൽ ലിറ്റോ പി. ജോണാണ് തൊടുപുഴ സിഐക്കെതിരേ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ശനിയാഴ്ച വൈകുന്നേരം പന്പിൽ നടന്ന അതിക്രമവുമായി ബന്ധപ്പെട്ടാണ് തൊടുപുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേസ് അന്വേഷിച്ച എസ്ഐ രാവിലെ പന്പ് മാനേജരെയും ഉടമയെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.
എന്നാൽ സ്റ്റേഷനിലെത്തിയപ്പോൾ കേസ് സിഐക്ക് കൈമാറിയതായി പറഞ്ഞു. തുടർന്ന് സിഐയുടെ ഓഫീസ് മുറിയിലെത്തി. അതിക്രമം നടത്തിയവരും മുറിയിലുണ്ടായിരുന്നു. പ്രതികളെ താക്കീതു ചെയ്ത ശേഷം പരാതി ഒത്തുതീർപ്പാക്കിയതായി എഴുതി ഒപ്പിടാൻ പറഞ്ഞു. ഇതിന് തയാറാകാത്തതിനെത്തുടർന്ന് ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. ഒളിന്പ്യൻ മേഴ്സിക്കുട്ടന്റെ ഉടമസ്ഥതയിലുള്ളതാണ് പന്പ്.
എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിഐ പറഞ്ഞു. തന്റെ ഓഫീസിൽ വച്ച് ചുരുങ്ങിയ സമയം മാത്രമേ പരാതിക്കാരനെ കണ്ടിട്ടുള്ളൂ. വേണമെങ്കിൽ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും സിഐ മഹേഷ് കുമാർ പറഞ്ഞു.