പെട്രോൾപന്പിൽ അതിക്രമം: മാപ്പ് പറഞ്ഞ് പരിഹരിച്ചു
1480312
Tuesday, November 19, 2024 7:28 AM IST
തൊടുപുഴ: മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന പെട്രോൾപന്പിൽ അതിക്രമം നടത്തിയെന്ന പരാതി ഒത്തു തീർപ്പാക്കി. ഒളിന്പ്യൻ മേഴ്സിക്കുട്ടന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പന്പിലാണ് ശനിയാഴ്ച രാത്രി അതിക്രമം നടന്നത്.
ബൈക്കിലെത്തിയ യുവാവ് പെട്രോൾ പന്പിലെത്തി 100 രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം പണം നൽകി മടങ്ങി. പിന്നീട് രാത്രി എട്ടോടെ ഇയാൾ പിതാവിനേയും കൂട്ടി പെട്രോൾ പന്പിലെത്തി. 100 രൂപയ്ക്ക് പെട്രോൾ അടിച്ചപ്പോൾ 500ന്റെ നോട്ടാണ് നൽകിയതെന്നും ബാക്കി 400 രൂപ വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ 400 രൂപ അധികമായി കണക്കിൽ വന്നിട്ടില്ലായെന്ന് പന്പ് ജീവനക്കാർ പറഞ്ഞതോടെയാണ് തർക്കമായത്. പിന്നീട് കൂടുതൽ പേർ പന്പിലെത്തി അതിക്രമം നടത്തുകയായിരുന്നെന്നായിരുന്നു പരാതി. സംഭവത്തിൽ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുകയും ചെയ്തു.
ഇതിനിടെയാണ് സംഘടനാ നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചത്. അക്രമം നടത്തിയവർ പന്പിലെത്തി ഉടമകളോടും നടത്തിപ്പുകാരോടും തൊഴിലാളികളോടും മാപ്പ് പറയുകയും ചെയ്തു.