റേഷന്‍ വ്യാപാരികളെ സര്‍ക്കാര്‍ വഞ്ചിക്കുന്നു: ജോണി നെല്ലൂര്‍
1480646
Wednesday, November 20, 2024 7:31 AM IST
തൊടുപുഴ: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളോട് തുടര്‍ച്ചയായി സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരതയും വഞ്ചനയും അവസാനിപ്പിക്കണമെന്ന് സംയുക്ത സമരസമിതി ജനറല്‍ കണ്‍വീനര്‍ ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു. താലൂക്കിലെ റേഷന്‍ കടകള്‍ അടച്ചിട്ട് സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേരത്തേ സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിട്ട് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാപകല്‍ സമരം നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും തയാറാകാതെ നിസംഗത പുലര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ ജനുവരി ആറുമുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
താലൂക്ക് പ്രസിഡന്റ് തോമസ് വര്‍ക്കി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എല്‍. ഡൊമിനിക്, എ.വി.ജോര്‍ജ്, സോണി കൈതാരം, സജി പൗലോസ്, ടി.എസ്. കാസിം, പി.എസ്. ലവകുമാര്, ടി.എച്ച്. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.