വിസിബികൾ നിർമിക്കാൻ 39 കോടി: മന്ത്രി റോഷി
1480844
Thursday, November 21, 2024 7:32 AM IST
ഇടുക്കി: കട്ടപ്പന മുനിസിപ്പാലിറ്റിയിലും കാഞ്ചിയാർ പഞ്ചായത്തിലും കട്ടപ്പനയാറിന്റെ വിവിധ ഭാഗങ്ങളിലുമായി വിസിബികൾ(വെന്റഡ് ക്രോസ്ബാർ) നിർമിക്കുന്നതിനും പുനരുദ്ധാരണ പ്രവൃത്തികൾ നടത്തുന്നതിനുമായി 38.62 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റിയിലും കാഞ്ചിയാർ പഞ്ചായത്തിലും ജലസേചന സംവിധാനം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
ഇതിനു പുറമേ വെള്ളപ്പൊക്ക നിയന്ത്രണവും കട്ടപ്പന നഗരത്തിലടക്കം കടന്നു പോകുന്ന കട്ടപ്പനയാറിന്റെ വിവിധ ഭാഗങ്ങളിൽ ഒഴുക്ക് തടസപ്പെടുന്ന സ്ഥിതി പരിഹരിച്ച് ഒഴുക്ക് സുഗമമാക്കുന്നതിന് വിശദ പദ്ധതിരേഖ തയാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ പദ്ധതികൾക്കായി തുക അനുവദിച്ചതെന്നു മന്ത്രി പറഞ്ഞു.
ജലസേചനത്തിനായി അരുവികളിൽ നിന്ന് നേരിട്ട് ജലം എത്തിക്കാൻ കഴിയാത്ത സ്ഥലങ്ങളിലാണ് വിസിബി നിർമിച്ച് ജലസേചനത്തിനുള്ള സൗകര്യം ഒരുക്കുന്നത്. പ്രളയ നിയന്ത്രണത്തിനും വിസിബികൾ പ്രയോജനപ്പെടുത്താൻ കഴിയും. കുറഞ്ഞത് രണ്ടു വെന്റുകളും തടി കൊണ്ടുള്ള ഷട്ടറുകളും ഉൾപ്പെടുന്നതാണ് വിസിബി. ജലം തടഞ്ഞു നിർത്തുകയും ആവശ്യാനുസരണം ജലസേചനത്തിനായി പുറത്തുവിടുന്നതിനുമാണ് ഇവ ഉപയോഗിക്കുന്നത്.